photo

നെടുമങ്ങാട് : ഗുരുതര പരിക്കുകളോടെയും അത്യാസന്ന നിലയിലും എത്തുന്നവരെ മെഡിക്കൽ കോളേജിലേക്ക് 'ഓടിച്ചു വിടുന്ന" പരീക്ഷണ കടമ്പ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഇനി പഴങ്കഥയാവും. അത്യാധുനിക ചികിത്സാ സാമഗ്രികളുമായി തീവ്രപരിചരണ വിഭാഗം (ഐ.സി.യു) ഇവിടെ പ്രവർത്തന സജ്ജമാവുകയാണ്. അത്യാഹിത വിഭാഗത്തിൽ നിന്ന് രോഗികളെ നേരിട്ട് ഐ.സി.യുവിലേക്ക് മാറ്റാം. മെക്കാനിക്കൽ വെന്റിലേറ്ററുകൾ, ഡയാലിസിസ് മെഷീൻ, ബാഹ്യ പേസ്‌മേക്കർമാർ, അനസ്തേഷ്യ മെഷീൻ തുടങ്ങി മെഡിക്കൽ ഉപകരണങ്ങളെല്ലാം സജ്ജമാണ്. അർബുദം സ്ഥിരീകരിച്ച് ആർ.സി.സിയിലോ,മെഡിക്കൽ കോളേജിലോ ചികിത്സ തുടങ്ങിയവരുടെ തുടർ കീമോ തെറാപ്പി ചികിത്സയും ഗർഭാശയ കാൻസർ നിർണയത്തിനുള്ള സ്‌ക്രീനിംഗ് ടെസ്റ്റും ഒരുക്കിയതിനു പിന്നാലെയാണ് ഈ അപൂർവ നേട്ടം. ഡയാലിസിസ് യൂണിറ്റും നേത്രരോഗ ഓപ്പറേഷൻ തിയേറ്ററും അനേകമാളുകൾക്ക് ഉപകരിക്കും. പെയിൻ ക്ലിനിക്, ലിംഫ് എഡിമ ക്ലിനിക്, ഓസ്‌റ്റോമി ക്ലിനിക് എന്നിവ കാൻസർ സെന്ററിലുണ്ട്.

 ശതാബ്ദി നിറവിൽ സാക്ഷാത്കാരം

150 -ഓളം സർജറി നടക്കുന്ന പ്രമുഖ ആതുരാലയം. പ്രതിദിനം ഒ.പിയിൽ രണ്ടായിരം പേർ. ജീവനക്കാർ 350 ലേറെ.

1917 -ൽ ശ്രീമൂലം തിരുനാളിന്റെ ഭരണകാലത്ത് ഒറ്റമുറി കെട്ടിടത്തിലാണ് ആശുപത്രിയുടെ തുടക്കം. താലൂക്കാശുപത്രിയായി തരം താഴ്ത്തപ്പെട്ടുവെങ്കിലും 2013 -ൽ വീണ്ടും ജില്ലാ ആശുപത്രിയായി. ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലായതോടെ പ്രസിഡന്റ് വി.കെ. മധു മുൻകൈ എടുത്ത് 12 കോടിയുടെ മാസ്റ്റർപ്ലാൻ തയ്യാറാക്കി. ശതാബ്ദി മന്ദിരം പണിയാൻ മൂന്ന് കോടി ജില്ലാപഞ്ചായത്തും 1.60 കോടി എം.എൽ.എ ഫണ്ടും അനുവദിച്ചിട്ടുണ്ട്. ആഘോഷം മന്ത്രിമാരായ കെ.കെ. ശൈലജയും കടകംപള്ളി സുരേന്ദ്രനും ചൊവ്വാഴ്ച ഉദ്‌ഘാടനം ചെയ്യും.

മാറ്റം ഇങ്ങനെ
ഓപ്പറേഷൻ തിയേറ്റർ ആധുനിക രീതിയിൽ നവീകരിച്ചു. കൊട്ടാരം വാർഡ് അഡ്മിനിസ്ട്രേഷൻ ബ്ലോക്കാക്കി, ഡിജിറ്റൽ എക്സ്റേ യൂണിറ്റ്, 11 യൂണിറ്റുകളുള്ള പുതിയ ഡയാലിസിസ് യൂണിറ്റ്, നേത്രരോഗ വിഭാഗത്തിനായി വാർഡും ഓപ്പറേഷൻ തിയേറ്ററും, ഫ്രീസർ സംവിധാനം, പുതിയ പവർ ലോൺട്രി, ഒബ്‌സർവേഷൻ വാർഡ്, ജനറേറ്ററും ഇൻവർട്ടറുകളും, മെഡിക്കൽ സ്റ്റോർ കെട്ടിടം, സെക്കന്ററി പാലിയേറ്റിവ് അനസ്തേഷ്യ വാർഡുകൾ, സംരക്ഷണ ഭിത്തി, ഇടനാഴി... ഒരു നൂറ്റാണ്ടത്തെ സ്വപ്ന സാക്ഷാത്കാരത്തിനാണ് ആശുപത്രി സാക്ഷ്യം വഹിക്കുന്നത്.