വർക്കല: തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്കുള്ള ട്രെയിനായ ചെന്നൈ മെയിൽ ലോക്ക്ഡൗണിന് ശേഷം ഇന്ന് സർവീസ് ആരംഭിക്കും. വർക്കല ശിവഗിരി സ്റ്റേഷനിലും ടെയിനിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. സ്റ്റേഷൻ മാസ്റ്റർ സി.പ്രസന്നകുമാറിന്റെ നേതൃത്വത്തിൽ സ്റ്റേഷനും പരിസരവും അണുവിമുക്തമാക്കുകയും, കുടിവെളളം, ടോയ്ലറ്റ് സംവിധാനം എന്നിവ ഒരുക്കുകയും ചെയ്തു. ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന ചെന്നൈ മെയിൽ ഇന്ന് രാവിലെ 10.50ന് വർക്കലയിൽ എത്തിച്ചേരും. വൈകിട്ട് തിരുവനന്തപുരത്തുനിന്ന് ആരംഭിക്കുന്ന സർവീസ് 3.20ന് വർക്കലയിൽ എത്തിച്ചേരും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് യാത്രക്കാർക്ക് പ്രവേശനം. ശരീരോഷ്‌മാവ് പരിശോധന, സാനിറ്റൈസർ സംവിധാനം എന്നിവയും ക്രമീകരിച്ചതായി സ്റ്റേഷൻ മാസ്റ്റർ സി. പ്രസന്നകുമാർ പറഞ്ഞു.