matha

തിരുവനന്തപുരം: കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മാതാ അമൃതാനന്ദമയിയുടെ 67-ാം ജന്മദിനം വിശ്വശാന്തിക്കായുള്ള പ്രാർത്ഥനായജ്ഞമായി ആചരിച്ചു. കൈമനം ആശ്രമത്തിൽ ആർഭാടങ്ങളും ആഘോഷങ്ങളും പൂർണമായും ഒഴിവാക്കിയാണ് പൂജകൾ സംഘടിപ്പിച്ചത്. എല്ലാ വർഷവും സേവനോത്സവമായി നടത്തുന്ന ജന്മദിനം ഈ വർഷം സാധനാ ദിനമായി നടത്താൻ മാതാ അമൃതാനന്ദമയി മഠം തീരുമാനിക്കുകയായിരുന്നു. തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ഭക്തരും അമ്മയുടെ ജന്മദിനം ധ്യാനത്തിനും പ്രാർത്ഥനയ്ക്കും മറ്റു ആരാധനകൾക്കുമായി നീക്കിവച്ചു. വിശ്വശാന്തിക്കും സമസ്‌ത ജീവജാലങ്ങളുടെയും ക്ഷേമത്തിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥനാ നിർഭരമായി ജന്മദിനത്തെ വരവേൽക്കണമെന്ന് മാതാ അമൃതാനന്ദമയി മഠം ഉപാദ്ധ്യക്ഷൻ സ്വാമി അമൃത സ്വരൂപാനന്ദപുരി ആഹ്വാനം ചെയ്തിരുന്നു. ജന്മദിനത്തോടനുബന്ധിച്ച് അയുദ്ധ് തിരുവനന്തപുരം പ്രവർത്തകരുടെ നേതൃത്വത്തിൽ പൂർണശ്രീ ബാലികാസദനം, അനന്തശായി ബാലസദനം, കോട്ടൂർ വനവാസി കേന്ദ്രം എന്നീ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് അന്നദാനം നടത്തി. വസ്ത്രം, മാസ്‌ക് എന്നിവയുടെ വിതരണവും നടത്തി.