കിളിമാനൂർ: കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ തൊഴിലില്ലാതെ കഷ്ടപ്പെട്ടുന്ന സാധാരണക്കാരന്റെ വയറ്റത്തടിച്ച് പച്ചക്കറി വില കുത്തനെ മുകളിലേക്ക്. ഓണത്തിന് ശേഷം പല ഉത്പന്നങ്ങൾക്കും ഇരട്ടിയിലധികമാണ് വിലവർദ്ധിച്ചത്. കനത്ത മഴയും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറിവരവ് കുറഞ്ഞതുമാണ് വില ഉയരാൻ കാരണമെന്നാണ് കച്ചവടക്കാർ പറയുന്നത്. ഓണക്കാലത്ത് സർക്കാരിന്റെ ഇടപെടൽ വിപണിയിൽ ഉണ്ടായിരുന്നതിനാൽ വിലക്കയറ്റം ഒരു പരിധിവരെ പിടിച്ചുനിറുത്താൻ സാധിച്ചിരുന്നു. ഇത് പിന്നീട് ഇല്ലാതായതും വില വർദ്ധിക്കുന്നതിനുള്ള പ്രധാന കാരണമാണെന്നാണ് ഉപഭോക്താക്കൾ പറയുന്നത്.
തമിഴ്‌നാട്, കർണ്ണാടക സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും സംസ്ഥാനത്ത് പച്ചക്കറി എത്തുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനാൽ ഇവിടെ നിന്ന് സാധനങ്ങൾ മാർക്കറ്റിൽ എത്തിക്കുന്നതിന് ലോറിത്തൊഴിലാളികളും മടിക്കുകയാണ്. ആവശ്യത്തിന് ചരക്ക് എത്താത്തിനാൽ മൊത്ത വ്യാപാരികളും പ്രതിസന്ധിയുടെ നടുവിലാണ്. വിഷയത്തിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും ഹോർട്ടിക്കോർപ്പ് പോലുള്ള സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് വിലക്കയറ്റം പിടിച്ചുനിറുത്തണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.
കൊവിഡ് കാലത്തിന് മുൻപ് ഓണത്തിന് ഒരു മുറം പച്ചക്കറി, മുറ്റത്തൊരു അടുക്കളത്തോട്ടം എന്നീ പദ്ധതികൾ പ്രകാരം വീടുകളിൽ തന്നെ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിച്ചതിനാൽ ഓണക്കാലത്ത് വിലക്കയറ്റം തടഞ്ഞു നിറുത്താൻ സാധിച്ചു.
ഹോർട്ടിക്കോർപ്പുപോലുള്ള സർക്കാർ സംവിധാനങ്ങൾ വിപണിയിൽ ശക്തമായി ഇടപെട്ടതും വിലക്കയറ്റം തടഞ്ഞു.
അതിശക്തമായ മഴയും ഇതരസംസ്ഥാനങ്ങളിൽ നിന്ന് ചരക്കെത്താതുമാണ് വിപണിയിൽ വില ഉയരുന്നതിനുള്ള കാരണം
ഗ്രാമങ്ങളിൽ വന്യമൃഗങ്ങളുടെ ശല്യം വർദ്ധിച്ചത് ഉത്പാദനം കുറയുന്നതിന് കാരണമായി.
പച്ചക്കറി വില( ഇപ്പോൾ, മുൻപ്)
സവാള - 35-24
വെണ്ട - 60-40
പച്ചമുളക് - 60- 40
കായ-35-25
ക്യാരറ്റ് - 50-40.
പയർ -80- 40
കാബേജ്-25-16
വെള്ളരി - 24-16
ചെറിയ ഉള്ളി - 70 - 45
വഴുതനങ്ങ - 40 -20
തക്കാളി - 35-24