നെടുമങ്ങാട് : കർഷക വിരുദ്ധ കരിനിയമം കേന്ദ്ര സർക്കാർ പിൻവലിക്കുംവരെ കോൺഗ്രസ് പോരാട്ടം നടത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കർഷക ബില്ലിനെതിരെ കെ.പി.സി.സി ആഹ്വാനപ്രകാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സമരത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം അരുവിക്കര ജംഗ്‌ഷനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. മോദി കോർപ്പറേറ്റുകൾക്ക് രാജ്യത്തെ തീറെഴുതിയെന്നും നിയമം പ്രാബല്യത്തിൽ വന്നതോടെ കർഷകൻ എന്ത് ഉത്‌പാദിപ്പിക്കണം, എത്ര ഉത്‌പാദിപ്പിക്കണം തുടങ്ങിയ കാര്യങ്ങളിൽ അവകാശം നഷ്ടമായെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. കെ.പി.സി.സി വൈസ് പ്രസിഡന്റ് ശരത്‌ചന്ദ്ര പ്രസാദ്, ജനറൽ സെക്രട്ടറിമാരായ പാലോട് രവി, മണക്കാട് സുരേഷ്,ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, കെ.എസ്. ശബരീനാഥൻ എം.എൽ.എ, കെ.പി.സി.സി സെക്രട്ടറിമാരായ പി.എസ്.പ്രശാന്ത്,ബി.ആർ.എം.ഷഫീർ തുടങ്ങിയവർ പങ്കെടുത്തു.