നാഗർകോവിൽ: അടുത്തിടെ ഫലം പ്രഖ്യാപിച്ച സിവിൽ സർവീസ് പരീക്ഷയിൽ 445-ാം റാങ്കിന്റെ നേട്ടവുമായി പ്രഭിന. കന്യാകുമാരി ജില്ലയുടെ ചരിത്രത്തിലെ ആദ്യ വനിതാ ഐ.പി.എസുകാരിയാണ് പ്രഭിന. ആറ്റൂർ സ്വദേശി റിട്ട എസ്.ഐ പ്രേമചന്ദ്രന്റെയും റെജീനയുടെയും(റിട്ട ഹെഡ്മാസ്റ്റർ) ഇളയ മകളാണ് പ്രഭിന (27). നിലവിൽ ഉത്തർപ്രദേശ് ലക്നോവിൽ റെയിൽവേ ട്രാഫിക് സർവീസിൽ ഉദ്യോഗസ്ഥയാണ്. മാർത്താണ്ഡം ക്രിസ്തുരാജ മെട്രിക്കുലേഷൻ സ്കൂളിൽ നിന്ന് പ്ലസ് ടു കഴിഞ്ഞ ശേഷം മധുര ത്യാഗരാജ കോളേജ് ഒഫ് എൻജിനിയറിങ്ങിൽ നിന്ന് 2018ൽ ബിരുദം കരസ്ഥമാക്കി. ഇത് അഞ്ചാം തവണയാണ് സിവിൽ സർവീസ് എക്സാം എഴുതുന്നത്. ഐ.പി.എസ് നേടണമെന്നത് തന്റെ കുഞ്ഞുനാൾ മുതലുള്ള ആഗ്രഹമാണെന്നും പല തവണ തോറ്റിട്ടും കഠിനാധ്വാനം കൊണ്ടാണ് അത് നേടാൻ കഴിഞ്ഞതെന്നും പ്രഭിന പറയുന്നു. ഡാൽവിൻ പ്രേം ആണ് സഹോദരൻ.