df

തിരുവനന്തപുരം: 'നന്ദിയുണ്ട് വളരെ സന്തോഷമായി' മേയറോട് ഇത്രയും പറഞ്ഞപ്പോൾ തന്നെ ഗിരിജയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. വാക്കുകൾ കിട്ടാതായപ്പോൾ നിറഞ്ഞ മനസോടെ അവർ കൈ കൂപ്പി. കല്ലടി മുഖത്തെ ഭവന സമുച്ചയത്തിൽ ഫ്ലാറ്റ് അനുവദിച്ച വിവരം ഗിരിജയെ നേരിൽ കണ്ട് അറിയിക്കാൻ എത്തിയതായിരുന്നു മേയർ കെ. ശ്രീകുമാർ. അന്തരിച്ച മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന പി.കെ. വേലായുധന്റെ ഭാര്യയാണ് ഗിരിജാ വേലായുധൻ. തനിക്ക് ഫ്ലാറ്റ് അനുവദിച്ച നഗരസഭയോട് അവർ നന്ദി അറിയിക്കുകയും ചെയ്തു. സ്വന്തമായി വീടോ സ്ഥലമോ ഇല്ലെന്ന് കാണിച്ച് ഗിരിജ
മന്ത്രി എ.കെ. ബാലന് അപേക്ഷ സമർപ്പിച്ചിരുന്നു. മന്ത്രിയുടെ അഭ്യർത്ഥനയെ തുടർന്നാണ് നഗരസഭ ഫ്ലാറ്റ് അനുവദിച്ചത്. ഫ്ലാറ്റിലേക്ക് ഉടൻ തന്നെ താമസമാകാൻ വേണ്ട നടപടികൾ സ്വീകരിച്ചെന്നും മന്ത്രി തന്നെ താക്കോൽ കൈമാറുമെന്നും മേയർ അറിയിച്ചു. വർഷങ്ങളായി വാടക വീടുകളിൽ മാറി മാറി കഴിയുകയായിരുന്ന ഗിരിജ ഇപ്പോൾ സ്വന്തമായി തല ചായ്ക്കാൻ ഒരിടം കിട്ടിയതിന്റെ ആശ്വാസത്തിലാണ്.

കാക്കാമൂലയിലുള്ള കൂട്ടുകാരിയുടെ വീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്. 1982 ലെ കെ. കരുണാകരൻ മന്ത്രിസഭയിലെ അംഗമായിരുന്നു പി.കെ. വേലായുധൻ.