നെയ്യാറ്റിൻകര: ആതുര ശുശ്രൂഷാ സേവനങ്ങളിൽ മാതൃകയാവേണ്ടതാണ് നെയ്യാറ്റിൻകരയുടെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ജനറൽ ആശുപത്രി. രോഗികളുടെ എണ്ണത്തിലെ ബാഹുല്യതയും ആശുപത്രി സംവിധാനങ്ങളിലെ പരിമിതികളും ആശുപത്രിയിൽ നിന്നു പുറംതള്ളുന്ന മലിനജലവും രോഗികൾക്കും ഇവിടത്തെ ജീവനക്കാർക്കും ഒരുപോലെ തലവേദനയാവുകയാണ്.
മലിനജല സംഭരണത്തിനും സംസ്കരണത്തിനുമായി ആശുപത്രിൽ മലിനജല ശുദ്ധീകരണപ്ലാന്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്ലാന്റിന്റെ പ്രവർത്തനവും സംസ്കരണവും ശരിയായി നടക്കുന്നില്ല എന്നതാണ് പൊതുവേയുള്ള പരാതി.
ലക്ഷങ്ങൾ ചെലവഴിച്ച് മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്ലാന്റ് നോക്കുകുത്തി മാത്രമായി അവശേഷിക്കുകയാണ്.
പ്ലാന്റ് പ്രവർത്തിപ്പിക്കുന്നതിനായി പ്രത്യേകം ആളെ നിയോഗിച്ചിട്ടുണ്ടെങ്കിലും പല കാരണങ്ങളാലും എല്ലാ ദിവസവും പ്രവർത്തിപ്പിക്കാത്തതു കൊണ്ട് തന്നെ മലിനജലം പൂർണമായും ശുദ്ധീകരിച്ചിട്ടല്ല പുറത്തേക്ക് തുറന്ന് വിടുന്നത്.
പ്ലാന്റ് ശരിയായി സംരക്ഷിക്കാത്തത് കാരണം കൊതുക് വളർത്തൽ കേന്ദ്രമായി തീർന്നിരിക്കുകയാണ് ഇപ്പോൾ.
ശുദ്ധീകരിച്ചതായി പറയപ്പെടുന്ന മലിനജലം പുറത്തേക്ക് ഒഴുക്കിവിടുന്നത് കാരണം ആശുപത്രിയുടെ പിറക് വശത്തെ താഴ്ന്ന പ്രദേശങ്ങളിലെ കണ്ടൽക്കാടുകളിൽ കെട്ടിക്കിടന്ന ശേഷം പരിസര മലിനീകരണത്തിനും കൊതുകുകൾ പെരുകുന്നതിനും കാരണമാകുന്നു.
മാത്രമല്ല പുറത്ത് കെട്ടിക്കിടക്കുന്ന മലിനജലം മഴക്കാലങ്ങളിൽ നെയ്യാറിലേക്ക് ഒഴുകി എത്തുന്നത് ഇവിടെ പ്രവർത്തിക്കുന്ന നെയ്യാറ്റിൻകര വാട്ടർ അതോറിട്ടി ഉൾപ്പെടെ പൂവാർ വരെയുള്ള നിരവധി ചെറുതും വലുതുമായ ശുദ്ധജല വിതരണ പദ്ധതികളിൽ കലരും. നെയ്യാറിൽ കോളിഫോം ബാക്ടീരിയയുടെ അളവ് നൂറ് ഇരട്ടിയിലേറെ ആണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുള്ളതിന് കാരണം ഈ ആശുപത്രിയിൽ നിന്നു എത്തുന്ന മലിനജലമാണ്.