തിരുവനന്തപുരം: ജില്ലയിൽ പ്രതിദിന കൊവിഡ് രോഗികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധം കടുപ്പിച്ച് നഗരസഭ. ജില്ലയിൽ പ്രതിദിന കണക്ക് കഴിഞ്ഞ ദിവസം 1050ആയിരുന്നു. ഇതിൽ ഭൂരിഭാഗവും നഗര പരിധിക്കുള്ളിലുമാണ്. തിരക്ക് അധികം അനുഭവപ്പെടുന്ന നഗരത്തിൽ കൊവിഡ് വ്യാപനം കൂടാനുള്ള സാദ്ധ്യതകളേറെയാണ്. അതു കൊണ്ട് തന്നെയാണ് സമൂഹ്യ വ്യാപന വക്കിൽ നിൽക്കുന്ന തലസ്ഥാനത്ത് കൊവിഡ് പ്രതിരോധം ശക്തമാക്കാൻ നഗരസഭ തീരുമാനിച്ചത്. ഇതുവരെ 9928 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 4000 പേർ നഗരസഭ പരിധിക്കുള്ളിലാണ്. ലോക്ക് ഡൗണോ മറ്റോ ഇല്ലാത്തതു മൂലം വലിയ ജനത്തിരക്കാണ് ദൃശ്യമാകുന്നത്. പലരും ചിലയിടങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ പോലും പാലിക്കുന്നില്ല. മേയർ കെ. ശ്രീകുമാറിന്റെയും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്റെയും നേതൃത്വത്തിൽ നഗരസഭ ഹെൽത്ത് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ നഗരസഭ പുതിയ പ്ളാൻ തയ്യാറാക്കി.
പുതിയ പ്രവർത്തനങ്ങൾ
നഗരസഭയിലെ 25 ഹെൽത്ത് സർക്കിളിലെ ഉദ്യോഗസ്ഥർ രാവിലെ മുതൽ മാർക്കറ്റ്, കടകളിൽ, മറ്റു സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തും. ഒരു വാർഡിൽ ഒരു ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർക്കും ചുമതല നൽകിയിട്ടുണ്ട്. നഗരസഭയിലെ ആരോഗ്യ വിഭാഗത്തിന്റ നേതൃത്വത്തിലാണ് ഇത് ഏകോപിക്കുന്നത്.
ആദ്യ ഘട്ടത്തിൽ ആദ്യ ആഴ്ച ബോധവത്കരമാണ് നടത്തുന്നത്. കൊവിഡ് പ്രോട്ടോക്കോളിനെപ്പറ്റി മൈക്ക് അനൗൺസ്‌മെന്റും കടകൾ കയറിയുള്ള ബോധവത്കരണവും നടത്തും.
രണ്ടാമത്തെ ആഴ്ച പ്രോട്ടോക്കൾ ലംഘിക്കുന്ന കടകൾക്കെതിരെ ലൈസൻസ് റദ്ധാക്കൽ, പിഴയിടാക്കൽ തുടങ്ങിയ നടപടികൾ സ്വീകരിക്കും
ബ്രേക്ക് ദ ചെയിൻ കിയോസ്കുകൾ കൂടുതൽ സ്ഥാപിക്കും
പരിശോധനകൾ കൂട്ടാനുള്ള സംവിധാനമൊരുക്കും. പൾസ് ഓക്സിമീറ്റർ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തും
വാർഡ് തല സമിതികൾ വിളിച്ചു ചേർത്ത്, നിരീക്ഷണത്തിനായി പ്രവർത്തിക്കുന്ന വോളണ്ടിയർമാർ, ആശാവർക്കാർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ സേവനം ഉപയോഗിച്ച് നിരീക്ഷണ, ബോധവത്കരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കും.
പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങൾ, വീടുകൾ, സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് നഗരസഭയുടെ എമർജൻസി റെസ്‌പോൺസ് ടീം അണുനശീകരണം നടത്തുന്നുണ്ട്.