കിളിമാനൂർ: വീട്ടുകാർക്കിവന്റെ പേരും ജനുസുമൊന്നുമറിയില്ല. കാഴ്ച കാണാനെത്തിയ നാട്ടുകാരും ആദ്യമായാണ് ഇങ്ങനെയൊരു ജീവിയെ കാണുന്നത്. അവരും ഇവന്റെ കുലവും ജാതിയുമൊക്കെ തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. ഏതായാലും ഇവൻ വീട്ടുകാർക്കും കാണാനെത്തിയവർക്കും കൗതുക കാഴ്ചയായി. നഗരൂർ ദർശനാവട്ടം എസ്.എൻ.ഡി.പി ശാഖയുടെ പ്രസിഡന്റായ തണ്ണിക്കോണം ദൈവദശകത്തിൽ എസ്.റീജോയുടെ വീട്ടുമുറ്റത്തെ കിണറ്റിന്റെ പാതയത്താണ് അപൂർവ ജീവിയെ ഇന്നലെ രാവിലെ കണ്ടത്. സാധാരണ വീടുകളിൽ എത്തുന്ന പച്ചക്കുതിരയുടെ രൂപഭാവങ്ങൾക്കപ്പുറമാണ് പുതിയ അതിഥി. കരിയിലയുടെ നിറമാണ്. എട്ട് സെന്റീമീറ്ററോളം നീളമുള്ള ഇതിനെ ഒറ്റനോട്ടത്തിൽ കണ്ടാൽ ജെ.സി.ബി പോലുള്ള യന്ത്രങ്ങളെപ്പോലിരിക്കും. തലയുടെ ഭാഗം കഴിഞ്ഞാൽ പൈപ്പുപോലെ നീണ്ടൊരു ഭാഗത്തിനു ശേഷമാണ് ഉടലുള്ളത്. നാലു കാലുകളുണ്ട്. ഇവയ്ക്കും ഉടലിനേക്കാൾ നീളമുണ്ട്. ഇവന്റെ സഞ്ചാരവും മണ്ണുമാന്തി യന്ത്രങ്ങളെപ്പോലെയാണ്. ഈ ഇത്തിരി കുഞ്ഞനെ കാണാൻ ഒട്ടേറെ പേരാണ് എത്തുന്നത്.
ഫോട്ടോ..നഗരൂർ സ്വദേശി എസ്.റീജോയുടെ വീട്ടുമുറ്റത്തു കണ്ടെത്തിയ ജീവി