തിരുവനന്തപുരം: ഈ തീരത്തെ മണൽത്തരികളിൽ സഞ്ചാരികളുടെ പാദ സ്പർശമേറ്റിട്ട് ആറ് മാസം പിന്നിടുന്നു. ഇപ്പോൾ കടലിനക്കരെ നോക്കിയിരിക്കാൻ ഡ്യൂട്ടിക്കെത്തുന്ന ലൈഫ് ഗാർഡുകളും സഞ്ചാരികളെ കാണാതെ ബോറടിച്ച് ഏതാനും നായകളും മാത്രമാണുള്ളത്. അന്താരാഷ്ട്ര വിനോദ സഞ്ചാരദിനത്തിലും ഇതാണ് കാഴ്ച.
മുൻ വർഷങ്ങളിലെല്ലാം സഞ്ചാരികളുടെ സ്വപ്നതീരത്തിന്റെ പുതിയ സീസണിന്റെ കൊടിയേറ്റ് നടക്കുന്നത് ടൂറിസം ദിനത്തിലായിരിക്കും. മഴയൊക്കെ മാറി അന്തരീക്ഷം തെളിയുന്ന ദിവസങ്ങൾ. ഹോട്ടലുകളും റെസ്റ്റോറന്റുകളും ട്രാവൽസുകളും മറ്റ് കച്ചവട സ്ഥാപനങ്ങളുമെല്ലാം ഉഷാറാകും. സഞ്ചാരികൾക്ക് പഴവർഗങ്ങൾ കൊണ്ടു നടന്നു വിൽക്കുന്നവർ മുതൽ ഫൈവ് സ്റ്റാർ ഹോട്ടലുടമകൾ വരെ സീസൺ ബിസിനസ് പ്ലാൻ ചെയ്തിട്ടുണ്ടാകും. ഇപ്പോഴോ? തീരം തുറന്നിട്ടു വേണ്ടേ പ്ലാൻ ചെയ്യാൻ.
ഇങ്ങനയൊരു അടച്ചുപൂട്ടിയിടൽ കോവളത്തിന്റെ ചരിത്രത്തിലുണ്ടായിട്ടില്ല. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ഷോപ്പുകൾ എന്നിങ്ങനയെയായി കാശ്മീർ മുതൽ കന്യാകുമാരി വരയെുള്ളവർ കോവളം ടൂറിസ്റ്റ് മേഖലയെ ആശ്രയിച്ച് ജീവിക്കുന്നു. തുണി, പഴങ്ങൾ തുടങ്ങി കൊണ്ടു നടന്നു കച്ചവടം നടത്തുന്ന നിരവധി തൊഴിലാളികൾ, കുട-കട്ടിൽ വാടകയ്ക്കു നൽകുന്നവർ, ഉല്ലാസ ബോട്ടുകാർ തുടങ്ങി കോവളം ടൂറിസം മേഖലയെ മാത്രം അശ്രയിച്ചു കഴിയുന്ന വലിയൊരു വിഭാഗം തൊഴിലില്ലാതെ ബുദ്ധിമുട്ടിലായിട്ടു മാസങ്ങളായി. 15 മുതൽ ടൂറിസം മേഖല നിയന്ത്രണങ്ങളോടെ തുറക്കുമെന്ന് സർക്കാർ അറിയിക്കുമ്പോഴും അപ്പോൾ ബീച്ച് തുറക്കുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്.
ബസിനു പോലും പ്രവേശനമില്ല
ഇപ്പോൾ കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടെ ബസുകൾക്കൊന്നും കോവളം ജംഗ്ഷൻ കഴിഞ്ഞാൽ പ്രവേശനം ഇല്ല. തീരപ്രദേശം കണ്ടെയ്ൻമെന്റ് സോണാക്കിയപ്പോൾ കോവളം ബീച്ച് റോഡിലേക്കുള്ള പ്രവേശനം തടഞ്ഞ് പൊലീസ് ബാരിക്കേഡ് വച്ചിരുന്നു. മറ്റെല്ലാ സ്ഥലത്തും അന്ന് വച്ച ബാരിക്കേഡുകൾ മാറ്റിയെങ്കിലും ഇവിടത്തേതു മാറ്റിയിട്ടില്ല
തകർന്ന് നടപ്പാതകൾ
സഞ്ചാരികൾ നടക്കാൻ ഉപയോഗിക്കുന്ന പാതകൾ ഉൾപ്പെടെയാല്ലാം കടലാക്രമണത്തിൽ തകർന്നു കിടക്കുകയാണ്. തെങ്ങുകൾ കടപുഴകി. വൈദ്യുത വിളിക്കുകൾ ഒന്നുമില്ല. തീരത്തെ മോടിപിടിപ്പിക്കണമെങ്കിൽ സർക്കാർ തന്നെ മനസുവയ്ക്കണം.