bridge

തിരുവനന്തപുരം: ഇ. ശ്രീധരൻ നയിക്കുന്ന ഡി.എം.ആർ.സി ഇന്ന് രാവിലെ ഒമ്പതോടെ പാലാരിവട്ടം പാലം പൊളിച്ച് തുടങ്ങുമെന്ന് മന്ത്രി ജി. സുധാകരൻ അറിയിച്ചു. പകലും രാത്രിയും ജോലി തുടരുമെന്നാണ് അറിയിച്ചിട്ടുള്ളത്. പൊളിക്കുന്നതിനുള്ള കരാർ ഡി.എം.ആർ.സി ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കാണ് നൽകിയിരിക്കുന്നത്. പാലത്തിന്റെ പൊളിക്കുന്ന കോൺക്രീറ്റ് അവശിഷ്ടങ്ങൾ റോഡിൽ ഇടാതെ ചെല്ലാനത്ത് കടലാക്രമണം തടയുന്നതിന് വേണ്ടി ഉപയോഗിക്കാൻ കഴിയുമെങ്കിൽ അതിനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. ഇക്കാര്യം ഊരാളുങ്കൽ കോപ്പറേറ്റീവ് സൊസൈറ്റിയുടെ ചെയർമാൻ രമേശിനെ അറിയിച്ചതായി മന്ത്രി പറഞ്ഞു. എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചായിരിക്കും പുനർനിർമ്മാണം. ഇത് കേരളത്തിലെ നിർമ്മാണ ചരിത്രത്തിലെ ഏറ്റവും മികച്ചൊരു നിർമ്മിതിയായിരിക്കുമെന്നും മന്ത്രി പറഞ്ഞു. പാലത്തിന്റെ പിയറുകളും പിയർ ക്യാപുകളും ഉൾപ്പെടുന്ന മേൽഭാഗമാണ് പൊളിച്ചുനീക്കി പുനർനിർമ്മിക്കുന്നത്. ഗതാഗത തടസം ഉണ്ടാകാതിരിക്കാൻ കൃത്യമായ സമയം നിശ്ചയിച്ച് ഓരോ ഭാഗങ്ങളായി പൊളിച്ചുനീക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എട്ടു മാസം കൊണ്ട് പാലം പുന:നിർമ്മിക്കാമെന്നാണ് ഡി.എം.ആർ.സി അറിയിച്ചിരിക്കുന്നത്. പാലം പൊളിച്ചുപണിയണമെന്ന സർക്കാർ ഹർജി സുപ്രീംകോടതി അനുവദിച്ച പശ്ചാത്തലത്തിലാണ് പുതിയ നടപടികൾ. പാലത്തിന്റെ ടാർ ഇളക്കി നീക്കുന്ന പണിയായിരിക്കും ആദ്യം ആരംഭിക്കുക. അതോടൊപ്പം അവശിഷ്ടങ്ങൾ തെറിച്ച് റോഡിലേയ്ക്ക് വീഴാതിരിക്കാൻ കമ്പിവല ഉപയോഗിച്ച് മറച്ചു കെട്ടുന്ന പണിയും ആരംഭിക്കും.

രണ്ടാഴ്ചയ്ക്കുള്ളിൽ മുകൾ ഭാഗം പൊളിച്ച് നീക്കും

പാലത്തിന്റെ 18 സ്പാനുകളിൽ 17 എണ്ണത്തിലും അവയിലുള്ള 102 ഗർഡറുകളിൽ 97 എണ്ണത്തിലും വിള്ളലുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ആകെ 100 ഗർഡറുകൾ പൊളിക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. വിള്ളലില്ലാത്ത പാലത്തിന്റെ പില്ലറുകൾ പൊളിക്കില്ല. പാലത്തിന് ഇരുവശത്തു കൂടിയുള്ള ഗതാഗതം നിയന്ത്രിക്കില്ലെങ്കിലും അടിയിലൂടെയുള്ള, പൈപ്പ്‌ലൈൻ – പാലാരിവട്ടം റൂട്ടിൽ വാഹനങ്ങൾ കടന്നു പോകുന്നതിന് അനുവദിക്കില്ല. ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിക്കാൻ ട്രാഫിക് പൊലീസിനോട് ഡി.എം.ആർ.സി ആവശ്യപ്പെട്ടിട്ടുണ്ട്. പാലം പൊളിച്ച് പണിയുമ്പോഴേയ്ക്ക് 18.71 കോടി രൂപ ചെലവു വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇതിൽ 15 കോടി സ്പാനുകളുടെ നിർമ്മാണത്തിനും പൊളിക്കുന്നതിന് രണ്ടു കോടിയും ജാക്കറ്റിങ്ങിന് 1.71 കോടിയും ചെലവു വരും. രണ്ടാഴ്ചയ്ക്കുള്ളിൽ പാലത്തിന്റെ മുകൾ ഭാഗം പൊളിച്ചു നീക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ.