വെഞ്ഞാറമൂട്: കല്ലറ സ്നേഹതീരം അഗതി മന്ദിരത്തിൽ തെർമൽ സ്കാനറും ഭക്ഷ്യധാന്യങ്ങളും വിതരണം ചെയ്തു. ഖത്തർ ഇൻകാസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും ആറ്റിങ്ങൽ കെയറും സംയുക്തമായിട്ടാണ് അഗതി മന്ദിരത്തിന് സഹായങ്ങൾ നൽകിയത്. മാനസിക വിഭ്രാന്തിയിൽ അകപ്പെട്ട 140 സ്ത്രീകളായ അന്തേവാസികളെ പാർപ്പിച്ച് ചികിത്സയും സംരക്ഷണവും നൽകുന്ന സ്ഥാപനമാണ് സ്നേഹതീരം ചാരിറ്റബിൾ ട്രസ്റ്റ്. കഴിഞ്ഞ 24ന് സ്ഥാപനത്തിൽ നടന്ന ആന്റിജൻ പരിശോധനയിൽ 30 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് സ്ഥാപനത്തിന്റെ അവസ്ഥ മനസ്സിലാക്കിയ ആറ്റിങ്ങൽ കെയറും ഖത്തർ ഇൻകാസ് പ്രവർത്തകരും സഹായങ്ങളുമായി എത്തുകയായിരുന്നു. ഇൻകാസ് മഹിളാ വിഭാഗം പ്രസിഡന്റ് ദീപാ അനിൽ,ഡി.സി.സി ജനറൽ സെക്രട്ടറി എം.ജെ.ആനന്ദ്,കോൺഗ്രസ് മുതുവിള മണ്ഡലം പ്രസിഡന്റ് ശ്രീലാൽ,വെെസ് പ്രസിഡന്റ് ലിജു മാജിക് കല്ലറ,യൂത്ത് കോൺഗ്രസ് വാമനപുരം ബ്ലോക്ക് പ്രസിഡന്റ് യൂസഫ് കല്ലറ, മഹിളാ കോൺഗ്രസ് നേതാവ് സിന്ധു, അരുവിപ്പുറം നുജുമുദ്ദീൻ എന്നിവർ പങ്കെടുത്തു. ഇൻകാസ് ഭാരവാഹികളായ ജയപാൽ, കല്ലറ ഷിബു ,മുനീർ എന്നിവരാണ് സഹായങ്ങൾ ചെയ്തത്.