kovalam

കോവളം: വെള്ളായണി കായലിനെ ചുറ്റി എല്ലാവശത്തും വീണ്ടും കുളവാഴ പടരുന്നു. കാക്കാമൂല, വെള്ളായണി ഭാഗങ്ങളിലാണ് കുളവാഴ വ്യാപകമാകുന്നത്. ഇത് കായലിനെ മലിനപ്പെടുത്തി കുടിവെള്ള പദ്ധതികളെ ബാധിക്കുമോ എന്നാണ് ആശങ്ക. കുളവാഴയ്ക്ക് പുറമേ കായലിന്റെ ചില ഭാഗങ്ങളിൽ മണ്ണുനിറഞ്ഞ് ചെളിയായി വലിയതോതിൽ ആഴം കുറഞ്ഞതും കുടിവെള്ള പദ്ധതികളെ ബാധിക്കുന്നുണ്ട്. കുളവാഴ ജീർണിച്ച് വെള്ളത്തിൽ മറ്റ് പാഴ്‌ചെടികളും വളരുന്നതിന് സാഹചര്യമുണ്ടാകും. ഇത് വെള്ളത്തിന്റെ ഗുണനിലവാരം കുറയ്ക്കുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

കല്ലിയൂർ, വെങ്ങാനൂർ പഞ്ചായത്തുകളിലും കോവളം, വിഴിഞ്ഞം പദ്ധതി പ്രദേശത്തും പള്ളിച്ചൽ പഞ്ചായത്തിന്റെ ചില വാർഡുകളിലും കായലിൽ നിന്നുമാണ് കുടിവെള്ളം പമ്പ് ചെയ്യുന്നത്. കായലിനു കുറുകേ കാക്കാമൂല-കാർഷിക കോളേജ് റോഡിൽ കായലിൽ കിണർ നിർമിച്ച് വെള്ളം പമ്പ് ചെയ്ത് പൈപ്പ് ലൈൻ വഴി കാർഷിക കോളേജിൽ സ്ഥാപിച്ച ട്രീറ്റ്‌മെന്റ് പ്ലാന്റിലെത്തിച്ച് ശുദ്ധീകരിച്ച് പെരിങ്ങമ്മല, വണ്ടിത്തടം, കോവളം, മുട്ടയ്ക്കാട് ടാങ്കുകളിലെത്തിച്ച് ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്ന സമഗ്ര കുടിവെള്ള പദ്ധതിയും കാക്കാമൂലയിലുണ്ട്.

മുൻപൊരിക്കലും കാണാത്തതരത്തിൽ ആഫ്രിക്കൻപായലും കുളവാഴയും മറ്റ് പലതരം പായലുകളും നിറഞ്ഞ് കായലിന്റെ സ്വാഭാവികത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. കായലും കരയും തിരിച്ചറിയാനാകാത്ത രീതിയിലാണ് പല പ്രദേശങ്ങളും. ജലനിരപ്പ് താഴ്ന്ന അവസ്ഥയായതിനാൽ തീരങ്ങളോടടുത്ത പ്രദേശങ്ങളിൽ ചെളിയടിഞ്ഞ് പാഴ്‌ചെടികൾ വളർന്ന് കരയായി മാറിയിരിക്കുകയാണ്. അഞ്ചോളം കുടിവെള്ള പദ്ധതികൾ ആശ്രയിക്കുന്നത് വെള്ളായണി കായലിനെയാണ്. വിഴിഞ്ഞം പദ്ധതി പ്രാവർത്തികമാകുമ്പോൾ നിലവിൽ എടുക്കുന്നതിനേക്കാൾ പതിന്മടങ്ങ് ജലം ഇവിടെനിന്ന്‌ എടുക്കുകയും ചെയ്യും.