bhagya-lekshmi

തിരുവനന്തപുരം: സ്ത്രീകൾക്കെതിരെ യtട്യൂബ് ചാനലിലൂടെ അശ്ലീല പരാമർശം നടത്തിയ വിജയ് പി. നായരെ താമസസ്ഥലത്തെത്തി ഭാഗ്യലക്ഷ്മിയും കൂട്ടരും കൈയ്യേറ്റം ചെയ്ത സംഭവത്തെ അഭിനന്ദിച്ചും എതിർത്തും പൊതുസമൂഹത്തിൽ ചർച്ചകൾ സജീവമാണ്. സമൂഹമാദ്ധ്യമങ്ങളിലും വിഷയം ഏറെ ചർച്ചചെയ്യപ്പെട്ടിരിക്കുകയാണ്. വിജയ് പി. നായർ ചെയ്തത് തെറ്റാണെങ്കിലും ഭാഗ്യലക്ഷ്മിയും സംഘവും അയാളെ കൈയ്യേറ്റം ചെയ്തത് ന്യായീകരിക്കാനാവില്ലെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ ,പെൺസംഘം ചെയ്തത് ശരിയാണെന്നും ഇത്തരക്കാരെ തല്ലുക തന്നെയാണ് വേണ്ടതെന്നുമാണ് മറുഭാഗത്തിന്റെ വാദം. സ്ത്രീകൾക്കെതിരെ ഇത്രയും നിന്ദ്യമായി പരാമർശം നടത്തിയ ആൾക്കെതിരെ ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിൽ പ്രതികരിച്ചതിനെ അഭിനന്ദിക്കുന്നുവെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. സ്ത്രീകൾക്കെതിരായ അക്രമങ്ങൾ പ്രോത്സാഹിപ്പിക്കില്ല. ഇയാൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പിന്തുണച്ച് ഫെഫ്കയും

വനിതാ കമ്മിഷനും

ഭാഗ്യലക്ഷ്മിയെയും ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരെയും പിന്തുണച്ച് ഫെഫ്കയും വനിതാ കമ്മിഷനും രംഗത്തെത്തി. സംവിധായകരായ വിധു വിൻസെന്റ്, ആലപ്പി അഷ്റഫ്, നടൻമാരായ ജോയ് മാത്യു, ഹേമന്ത് മേനോൻ, എഴുത്തുകാരി ദീപാ നിശാന്ത്, സാമൂഹിക പ്രവർത്തകൻ ഹരീഷ് വാസുദേവൻ തുടങ്ങിയവരും പിന്തുണച്ചു. നിയമം കണ്ണ് പൂട്ടിയിരിക്കുമ്പോൾ ജനം നീതി നടപ്പാക്കുമെന്നും, ഞരമ്പ് രോഗത്തിന് ചുട്ട പെടയാണ് മരുന്നെന്നും ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു. രാജാവ് നഗ്നനാണെന്നും, ജീർണിച്ച അധികാരത്തേക്കാൾ വലിയ അശ്ലീലമില്ലെന്നും വിളിച്ചു പറയാൻ ധൈര്യപ്പെട്ട മൂന്ന് സ്ത്രീകൾക്കും അഭിവാദ്യങ്ങളെന്ന് വിധു വിൻസെന്റ് പറഞ്ഞു.സൈബറിടങ്ങളിലെ അതിക്രമങ്ങൾക്ക് അടി കിട്ടില്ലെന്ന വിശ്വാസമാണ് ഇത്തരം സാമൂഹിക വിരുദ്ധരെ സൃഷ്ടിക്കുന്നതെന്നും ,അതാണ് മൂന്ന് സ്ത്രീകൾ തകർത്തതെന്നും മുരളി തുമ്മാരുകുടി ഫേസ്ബുക്കിൽ കുറിച്ചു. അടി കൊണ്ടത് അയാൾക്ക് മാത്രമല്ല, അയാളെപ്പോലെ മാളങ്ങളിൽ ഒളിഞ്ഞിരുന്ന് നിരീക്ഷണം നടത്തുന്നവർക്കും ,അവരെ പ്രോത്സാഹിപ്പിക്കുന്നവർക്കുമാണെന്നും അദ്ദേഹം പറഞ്ഞു.