swadeshabhimani

നെയ്യാറ്റിൻകര: സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയെ നാടുകടത്തിയതിന്റെ 110- മത് വാർഷികത്തോടനുബന്ധിച്ച് നെയ്യാറ്റിൻകര സ്വദേശാഭിമാനി ജേർണലിസ്റ്റ് ഫോറത്തിന്റെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ചു. നെയ്യാറ്റിൻകര സ്വദേശാഭിമാനി പാർക്കിൽ നടന്ന ചടങ്ങിൽ കെ. ആൻസലൻ എം.എൽ.എ സ്വദേശാഭിമാനി അതിജീവന ജ്വാല തെളിയിച്ച് ഉദ്‌ഘാടനം ചെയ്തു. തുടർന്ന് നെയ്യാറ്റിൻകര നഗരസഭ വൈസ് ചെയർമാൻ കെ.കെ. ഷിബു ജ്വാല ഏറ്റുവാങ്ങി ജേർണലിസ്റ്റ് ഫോറം ഭാരവാഹികൾക്ക് കൈമാറി. സ്വദേശാഭിമാനി ജേർണലിസ്റ്റ് ഫോറത്തിന്റെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിനും, 2021- ലെ നാടുകടത്തൽ ദിനത്തോടനുബന്ധിച്ച് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അന്ത്യവിശ്രമം കൊള്ളുന്ന കണ്ണൂരിലെ പയ്യാംപലത്തു നിന്നും നെയ്യാറ്റിൻകരയിലേക്ക് അതിജീവന ജ്വാല പ്രയാണം നടത്തുന്നതാണെന്നും എം.എൽ.എ പറഞ്ഞു .ജേർണലിസ്റ്റ് ഫോത്തിന്റെ സ്ഥാപക അംഗങ്ങളിൽ ഒരാളായ മരുതത്തൂർ പ്രദീപ് ആമുഖ പ്രഭാഷണം നടത്തി. കൊടണ്ടാവിള വിജയകുമാർ, മഞ്ചത്തല സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.