തിരുവനന്തപുരം: കൊവിഡ് രോഗികളുടെ എണ്ണം പതിനായിരത്തിലേക്കടുക്കുന്ന തലസ്ഥാനത്ത് ചികിത്സാകേന്ദ്രങ്ങളുടെ പരിമിതി അധികൃതർക്ക് കനത്ത വെല്ലുവിളിയാകുന്നു. നിലവിലുള്ള സി.എഫ്.എൽ.ടി.സികളിൽ നാലെണ്ണത്തിൽ നൂറിൽ താഴെ രോഗികളെ മാത്രമേ പ്രവേശിപ്പിക്കാൻ കഴിയുകയുള്ളൂ. ഇവിടങ്ങളിലും ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ ആവശ്യമുണ്ട്. പരമാവധി ആളുകളെ വീടുകളിൽ പാർപ്പിച്ച് ചികിത്സിക്കുന്നതിനായിരിക്കും ഇനി മുൻഗണന. ആകെ 90928 കൊവിഡ‌് രോഗികൾ ചികിത്സയിലുള്ള തിരുവനന്തപുരത്ത് സർക്കാർ സംവിധാനത്തിലുളള കിടക്കകളുടെ എണ്ണം അയ്യാരിത്തോളം മാത്രമേയുള്ളു. നിലവിലെ രോഗികളിൽ 45 ശതമാനം പേരും വീടുകളിലാണുള്ളത്. ആരോഗ്യ പ്രശ്നങ്ങൾ ഉളളവരെ മാത്രം രോഗതീവ്രത അനുസരിച്ച് കൊവിഡ് കേന്ദ്രങ്ങളിലേക്കോ ആശുപത്രികളിലേക്കോ മാറ്റുക എന്നതാണ് രോഗവ്യാപനം ഉയരുന്നഘട്ടത്തിൽ ആരോഗ്യവകുപ്പ് സ്വീകരിക്കുന്ന നയം. ജില്ലയിലെ ചികിത്സാകേന്ദ്രങ്ങളെല്ലം നിലവിൽ 90 ശതമാനവും നിറഞ്ഞിരിക്കുകയാണ്. എല്ലായിടത്തും ആവശ്യത്തിന് ആരോഗ്യ പ്രവർത്തകരെ നിയോഗിക്കാനാകാത്ത സാഹചര്യമാണ്. കൂടുതൽ ആരോഗ്യപ്രവർത്തകർ രോഗബാധിതരാകുന്ന സ്ഥിതിയും തിരിച്ചടിയാണ്. എണ്ണൂറോളം കിടക്കകളുള്ള രണ്ട് കൊവിഡ് ചികിത്സാ കേന്ദ്രങ്ങൾ ഞാറനീലിയിലും വിഴിഞ്ഞത്തും സജ്ജമാക്കുന്നുണ്ട്. വിഴിഞ്ഞത് 500 മുതൽ 800 ബെഡ് വരെയുള്ള സി.എഫ്.എൽ.ടി.സിയും 190 ബെഡുകളുള്ള ഞാറനീലിയിലെ സി.എഫ്.എൽ.ടി.സിൽ 300 പേരെ പ്രവേശിപ്പിക്കാൻ പാകത്തിലുള്ളതാക്കാനുമാണ് തീരുമാനം. ഇതിന്റെ ജോലികൾ പുരോഗമിക്കന്നുണ്ട്. ഐ.എം.ജി പോലെയുളള കേന്ദ്രങ്ങളിൽ എല്ലാ ബ്ലോക്കുകളും കൊവിഡ് ചികിത്സക്കായി മാറ്റിവയ്ക്കണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.
ആകെ രോഗികൾ 9928
ആകെ കിടക്കകൾ 5065
ആശുപത്രികളിലെ കിടക്കകൾ 1565
സി.എഫ്.എൽ.ടി.സി-24
സി.എസ്.എൽ.ടി.സി2
പ്രഥമഘട്ട ചികിത്സാകേന്ദ്രത്തിലെ കിടക്കകൾ 3100
രണ്ടാംഘട്ട ചികിത്സാകേന്ദ്രത്തിലെ കിടക്കകൾ 400