പൂവാർ: കൊയ്ത്തിന് പാകമായ നെൽപ്പാടങ്ങളിൽ വെള്ളക്കെട്ടുണ്ടായതിനെ തുടർന്ന് തിരുപുറം, പൂവാർ പാടശേഖരങ്ങളിലെ നെൽക്കർഷകർ ദുരിതത്തിലായി. കഴിഞ്ഞ ആഴ്ചകളിൽ തുടർച്ചയായി പെയ്ത മഴയെ തുടർന്ന് നെൽവയലുകൾ വെള്ളത്തിൽ മുങ്ങുകയായിരുന്നു. പരമ്പരാഗത വിത്തിനങ്ങളായ പൊന്നാര്യൻ, തുളുനാടൻ, പനംകുറുവ തുടങ്ങിയവ കൃഷി ചെയ്ത വയലുകളിൽ നെൽചെടികൾ കതിരായപ്പോൾ തന്നെ കാറ്റിൽ മറിഞ്ഞ് വീഴുകയായിരുന്നുവെന്ന് കർഷകർ പറഞ്ഞു. ഇങ്ങനെ നെൽചെടിയും കതിർക്കുലയും വെള്ളത്തിനടിയിൽ കിടന്ന് അഴുകിയതും, പാകമായവ സമയത്തിന് കൊയ്തെടുക്കാൻ ആളെ കിട്ടാതിരുന്നതും, കൂലിക്കൂടുതലും കർഷകരിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്.
തിരുപുറം ഗ്രാമ പഞ്ചായത്തിലെ കള്ളകുളം മുതൽ പൂവാർ ഗ്രാമപഞ്ചായത്തിലെ മുട്ടയാർ വരെ നീളുന്നതാണ് മുടമ്പിൽ പാടശേഖരം. ഇതിന്റെ കിഴക്കേക്കര തിരുപുറവും പടിഞ്ഞാറേക്കര പൂവാർ ഗ്രാമപഞ്ചായത്തിലും ഉൾപ്പെട്ടതാണ്. ഇവയെ തമ്മിൽ വേർതിരിക്കുന്നത് നടുത്തോടും. കള്ളകുളത്തിൽ സംഭരിക്കുന്ന വെള്ളമാണ് കാലാകാലങ്ങളായി കൃഷിക്ക് ഉപയോഗിച്ച് വരുന്നത്. എന്നാൽ മഴക്കാലത്തുപോലും കള്ളകുളത്തിൽ വെള്ളമില്ലന്ന് നാട്ടുകാർ പറയുന്നു. നെയ്യാർ ഇറിഗേഷന്റെ പൂവാർ ഈസ്റ്റ് കനാലിൽ നിന്നും, ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി പ്രകാരം നെയ്യാറിൽ നിന്നും കള്ളകുളത്തിൽ വെള്ളം എത്തിച്ചുകൊണ്ടിരുന്ന മാർഗങ്ങളെല്ലാം ഉപയോഗശൂന്യമാണ്. കുളം നവീകരിക്കുന്നതിന് 30 ലക്ഷം വേണം. ഗ്രാമ പഞ്ചായത്ത് 10 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തോ, എ.എൽ.എ ഫണ്ടോ ലഭിച്ചാൽ പദ്ധതി പൂർത്തിയാക്കാൻ കഴിയുമെന്ന് വാർഡ് മെമ്പർ ഷനോജ് പറഞ്ഞു.
ഏലായിൽ വെള്ളം എത്തിയിരുന്ന നടുത്തോട് മണ്ണ് മൂടിയും, കാട്കയറിയും നശിച്ചിരിക്കുകയാണ്. ബ്ലോക്ക് പഞ്ചായത്ത് 6 ലക്ഷം രൂപ ചെലവഴിച്ച് അല്പദൂരം കരിങ്കൽഭിത്തി നിർമ്മിച്ചുവെങ്കിലും പ്രയോജനമില്ല. നടുത്തോട് നവീകരിക്കാൻ 25 ലക്ഷം വേണം. ഇത്തരത്തിൽ കർഷകർക്ക് ഗുണമുള്ള പ്രവൃത്തികൾ വരും നാളുകളിൽ പ്രതീക്ഷിക്കുന്നതായും നാട്ടുകാർ പറയുന്നു.
കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന കർഷകരുടെ നഷ്ടങ്ങൾക്ക് അടിയന്തര സഹായം ആവശ്യമാണ്. നെൽകൃഷി ലാഭകരമല്ലാത്തതിനാൽ വയലുകൾ തരിശിടുന്നതും, മറ്റ് കൃഷികൾക്ക് വഴിമാറുന്നതും ഏറി വരികയാണ്. തണ്ണീർത്തടങ്ങളായ വയലുകൾ നികത്തി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചു തുടങ്ങൾ ഇനി അധികനാൾ വേണ്ടിവരില്ല. ആയതിനാൽ അവശേഷിക്കുന്ന നെൽകൃഷിയെ സംരക്ഷിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നാണ് തണ്ണീത്തട സംരക്ഷണ സമിതിയുടെ ആവശ്യം.