തിരുവനന്തപുരം: തമിഴ്നാട്ടിലെ ഈഴവ - തിയ്യ വിഭാഗത്തിന്റെ ഉന്നമനത്തിനായി സർക്കാർ പ്രത്യേക പദ്ധതികൾ നടപ്പിലാക്കുമെന്ന് തമിഴ്നാട് മന്ത്രി എസ്.പി. വേലുമണി പറഞ്ഞു. ഈഴവ - തിയ്യ വിഭാഗത്തിൽപ്പെട്ടവരെ പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെടുത്താൻ ഇടപെട്ട തമിഴ്‌നാട്ടിലെ ജനപ്രതിനിധികൾക്ക് എസ്.എൻ.ഡി.പി യോഗം നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദഹം. പൊള്ളാച്ചിയിലെ അരുണാചലം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി, എം.എൽ.എമാരായ കെ.ഡി. പ്രസേനൻ, വി. കസ്‌തൂരി വാസു, കളക്ടർ കെ. രാജാമണി, സബ് കളക്ടർ ആർ. വൈദിനാഥൻ, നഗരസഭ മുൻ ചെയർമാൻ വി. കൃഷ്ണകുമാർ, എസ്.എൻ.ഡി.പി കോയമ്പത്തൂർ യൂണിയൻ ചെയർമാൻ കെ.ആർ. ബാലൻ, കന്യാകുമാരി യൂണിയൻ വർക്കിംഗ് ചെയർമാൻ ബി. മണികണ്ഠൻ, ചെന്നൈ യൂണിയൻ വർക്കിംഗ് ചെയർമാൻ പി. രാജു, പൊള്ളാച്ചി യൂണിയൻ പ്രസിഡന്റ് കെ. ചെന്താമര, കന്യാകുമാരി യൂണിയൻ വനിതാ സംഘം കൺവീനർ എൻ. പരമേശ്വരി തുടങ്ങിയവർ പങ്കെടുത്തു.