kodi

വെഞ്ഞാറമൂട്: അക്രമം കൊണ്ടും കൊലപാതകം കൊണ്ടും ഇല്ലാതാക്കാൻ പറ്റുന്ന പാർട്ടിയായിരുന്നു എങ്കിൽ കേരളത്തിൽ സി.പി.എം ഉണ്ടാകില്ലായിരുന്നെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ. വെഞ്ഞാറമൂട് കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവർത്തകരായ ഹഖ് മുഹമ്മദിന്റെയും മിഥിലാജിന്റെയും കുടുംബത്തിന് ധനസഹായം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയെ കൂട്ടു പിടിച്ച് കേരളത്തെ കലാപ ഭൂമിയാക്കാനും ഇടതു പക്ഷമുന്നണി ഭരണത്തെ ദുർബ്ബലപ്പെടുത്താനും കോൺഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫ് ആസൂത്രിത നീക്കം നടത്തുന്നതായി കോടിയേരി ആരോപിച്ചു. സംസ്ഥാനത്ത് നടന്ന ചില ഉപ തിരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തിനുണ്ടായ അപ്രതീക്ഷിത വിജയവും ചില സർവേകളിൽ ഇടതു പക്ഷത്തിന്റെ തുടർ ഭരണം ഉണ്ടാവുമെന്ന റിപ്പോർട്ടുകളുമാണ് ഇത്തരമൊരു അവിശുദ്ധ കൂട്ടിന് ഇവരെ ഒരേ കുടക്കീഴിൽ അണിനിരത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊല്ലപ്പെട്ടവരുടെ കൂടുംബങ്ങൾക്ക് 49.5 ലക്ഷം രൂപയുടെ വീതം സഹായം നല്കി. കൂടാതെ ഇരുവരുടെയും ഭാര്യമാർക്ക് ജോലിയും കുട്ടികളുടെ വിദ്യാഭ്യാസ ചെലവും പാർട്ടി ഏറ്റെടുക്കുന്നതായും കോടിയേരി പറഞ്ഞു. ചടങ്ങിൽ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അദ്ധ്യക്ഷനായിരുന്നു. ഡി.കെ. മുരളി എം.എൽ.എ, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹിം, അഡ്വ. സുധീർ എന്നിവർ സംസാരിച്ചു. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കോലിയക്കോട് കൃഷ്ണൻ നായർ, എം. വിജയകുമാർ, ജില്ലാകമ്മിറ്റി അംഗങ്ങളായ ബി.പി. മുരളി, മടവൂർ അനിൽ, പി. ബിജു എന്നിവർ പങ്കെടുത്തു.