benny-behanan

തിരുവനന്തപുരം: ജംബോ പട്ടികയുമായി കെ.പി.സി.സി പുന:സംഘടന ഒരു വിധം പൂർത്തിയാക്കാനായെങ്കിലും, പിന്നാലെ യു.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്ന് ബെന്നി ബെഹനാനും കെ.പി.സി.സി പ്രചാരണസമിതി അദ്ധ്യക്ഷ പദവിയിൽ നിന്ന് കെ. മുരളീധരനും ഒഴിഞ്ഞത് സംസ്ഥാന കോൺഗ്രസിൽ നീറിപ്പുകയുന്ന അസ്വസ്ഥതയുടെ പ്രതിഫലനമായി പുന:സംഘടനാ പാക്കേജനുസരിച്ച് യു.ഡി.എഫ് കൺവീനർ സ്ഥാനത്തേക്ക് എം.എം. ഹസ്സനെ പരിഗണിക്കണമെന്ന ശുപാർശ സംസ്ഥാന നേതൃത്വം ഹൈക്കമാൻഡിന് സമർപ്പിച്ചിരുന്നെങ്കിലും രാജിക്കില്ലെന്ന നിലപാടിലായിരുന്നു ബെന്നി ബെഹനാൻ. അപ്രതീക്ഷിതമായി രാജിക്ക് ഇന്നലെ അദ്ദേഹം തയാറായത്, എ ഗ്രൂപ്പിനകത്തെ അതൃപ്തിയെ തുടർന്നാണെന്നാണ് സൂചന.

പ്രചാരണ സമിതി അദ്ധ്യക്ഷനായി ഹൈക്കമാൻഡ് നിയോഗിച്ചിട്ടും, കെ.പി.സി.സിയിലെ നിർണായക കൂടിയാലോചനകളൊന്നും തന്നെ അറിയിക്കാത്തതിലുള്ള അതൃപ്തിയാണ് മുരളീധരന്റെ രാജിക്ക് പിന്നിൽ. അലങ്കാരത്തിനൊരു പദവി കൊണ്ട് കാര്യമില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. കെ.പി.സി.സിയിൽ ഇപ്പോൾ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് മുല്ലപ്പള്ളിയും ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ചേർന്നാണ്. യു.ഡി.എഫ് അധികാരത്തിലെത്തുമെന്ന തോന്നലായപ്പോൾ കേരളക്കാര്യത്തിൽ അടുപ്പിക്കുന്നില്ലെന്ന പരിഭവം മുരളിക്കുണ്ട്. തന്റെ നീരസമറിയിക്കാനാണ് കെ.പി.സി.സി പ്രസിഡന്റിനെപ്പോലും ഇരുട്ടിൽ നിറുത്തി മുരളീധരൻ ഹൈക്കമാൻഡിന് രാജിക്കത്തയച്ചത്.

ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ ബെന്നിക്ക് പകരം ഹസനെ മുന്നണി കൺവീനറാ ക്കണമെന്ന ശുപാർശ സംസ്ഥാനനേതൃത്വം കൈമാറിയത് ഉമ്മൻ ചാണ്ടിയുടെയും അറിവോടെയാണ്. കെ.പി.സി.സി പുന:സംഘടനയിൽ ഒരാൾക്ക് ഒരു പദവി മാനദണ്ഡത്തിന് മുല്ലപ്പള്ളി നിർബന്ധം പിടിച്ചപ്പോഴേ ,എം.പിയായ ബെന്നി കൺവീനർ സ്ഥാനമൊഴിയണമെന്ന വാദഗതികളുയർന്നിരുന്നു.

രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായിരുന്ന പി.പി. തങ്കച്ചനെ മാറ്റി ,എ ഗ്രൂപ്പിലെ ബെന്നിയെ കൺവീനറാക്കുന്നതിനോട് നേരത്തേ ഐ ഗ്രൂപ്പിന് യോജിപ്പില്ലായിരുന്നു.. പിന്നീട് ശാരീരിക വൈഷമ്യങ്ങളെ തുടർന്ന് തങ്കച്ചൻ പിന്മാറിയപ്പോൾ ബെന്നി കൺവീനറായി.. സാമുദായിക സമവാക്യവും നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതുമാണ് ബെന്നിയെ തുണച്ചത്.

യു.ഡി.എഫ് കൺവീനർ സ്ഥാനത്തെത്തി മൂന്നര വർഷമായിട്ടും അവിടെയിരുന്ന് ഒന്നും ചെയ്യാനായിട്ടില്ലെന്നാണ് ബെന്നി ബെഹനാനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നത്. പൊതുവിൽ അദ്ദേഹം വരിഞ്ഞുമുറുക്കപ്പെട്ട നിലയിലായി പലപ്പോഴും. സ്വന്തം ഗ്രൂപ്പ് താല്പര്യം പോലും സംരക്ഷിക്കാനാകാത്ത നിസ്സഹായാവസ്ഥയിലെത്തിയത് ഗ്രൂപ്പിനകത്ത് അതൃപ്തിക്കിടയാക്കി. ജോസ് കെ.മാണി വിഭാഗം മുന്നണി വിടുന്നതിലേക്ക് നയിച്ചത് കൺവീനറുടെ പ്രഖ്യാപനത്തിലെ പാളിച്ചയാണെന്ന വിമർശനം മുന്നണിക്കുള്ളിലുയർന്നിരുന്നു. മുന്നണി യോഗ തീരുമാനങ്ങൾ കൺവീനർ വിശദീകരിക്കുന്ന രീതിക്കും ബെന്നി വന്നശേഷം മാറ്റമുണ്ടായി. യു.ഡി.എഫ് ചെയർമാനായ പ്രതിപക്ഷ നേതാവാണ് നിർണായക തീരുമാനങ്ങൾ വാർത്താസമ്മേളനങ്ങളിൽ അറിയിച്ചത്.

യു.ഡി.എഫ് കൺവീനർ സ്ഥാനം ബെന്നി ബെഹനാൻ ഒഴിഞ്ഞു

കൊച്ചി: യു.ഡി.എഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞതായി ബെന്നി ബെഹനാൻ എം.പി വാർത്താസമ്മേളനത്തിൽ അറിയിച്ചു. തീരുമാനം വ്യക്തിപരമാണെന്നും കോൺഗ്രസ് കേന്ദ്ര നേതൃത്വത്തെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് കൺവീനർ സ്ഥാനത്ത് താൻ തുടരുന്നത് സംബന്ധിച്ച തെറ്റായ വാർത്തകൾ വേദനിപ്പിച്ചു. പുകമറയിൽ തുടരാൻ താത്പര്യമില്ല. ധാർമ്മികത ഉയർത്തിപ്പിടിച്ചാണ് സ്ഥാനം ഒഴിയുന്നത്. കെ.പി.സി.സി പുനഃസംഘടനയിലെ പാക്കേജ് പ്രകാരമാണ് തന്നെ ഹൈക്കമാൻഡ് യു.ഡി.എഫ് കൺവീനറായി നിയോഗിച്ചത്. സ്ഥാനം സംബന്ധിച്ച് ഉമ്മൻ ചാണ്ടിയുമായുൾപ്പെടെ വിയോജിപ്പെന്ന തെറ്റായ പ്രചാരണം കഴിഞ്ഞ ദിവസങ്ങളിൽ മാദ്ധ്യമങ്ങളിൽ വന്നു. അതിന്റെ പേരിൽ കോൺഗ്രസിൽ അപസ്വരമുണ്ടാകാതിരിക്കാനാണ് തീരുമാനം. സ്ഥാനമല്ല, പ്രവർത്തനമാണ് വലുത്. ഒരു വർഷത്തോളം നടത്തിയ പ്രവർത്തനങ്ങളിൽ കോൺഗ്രസിനോ ഘടകകക്ഷികൾക്കോ വിയോജിപ്പില്ല. പുതിയ കൺവീനറെ കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെ. മുരളീധരൻ കെ.പി.സി.സി പ്രചരണസമിതി അദ്ധ്യക്ഷസ്ഥാനം ഒഴിഞ്ഞു

തിരുവനന്തപുരം: കെ.പി.സി.സി പ്രചരണസമിതി അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് കെ. മുരളീധരൻ എം.പി രാജി വച്ചു. ഒരാൾക്ക് ഒരു പദവി മാനദണ്ഡം പാലിക്കുന്നതിന്റെ ഭാഗമായാണ് രാജി വയ്ക്കുന്നതെന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്കയച്ച രാജിക്കത്തിൽ മുരളീധരൻ വ്യക്തമാക്കി. എന്നാൽ, തന്നോട് കൂടിയാലോചനകൾ നടത്തുന്നില്ലെന്ന പരിഭവമാണ് മുരളീധരന്റെ രാജിക്ക് പിന്നിലെന്ന് സൂചനയുണ്ട്.മുല്ലപ്പള്ളി രാമചന്ദ്രനെ കെ.പി.സി.സി പ്രസിഡന്റായി നിയോഗിച്ച വേളയിലാണ് മുരളീധരനെയും പ്രചരണസമിതി അദ്ധ്യക്ഷനായി ഹൈക്കമാൻഡ് നിയോഗിച്ചത്. പ്രസിഡന്റിനൊപ്പം നാല് വർക്കിംഗ് പ്രസിഡന്റുമാരെയും ഹൈക്കമാൻഡ് അന്ന് പ്രഖ്യാപിക്കുകയുണ്ടായി. പിന്നീട് കെ.പി.സി.സി പുനഃസംഘടനാ ചർച്ചകൾ സജീവമായപ്പോൾ ഒരാൾക്ക് ഒരു പദവി മാനദണ്ഡത്തിനായി മുല്ലപ്പള്ളി സമ്മർദ്ദം ചെലുത്തുകയുണ്ടായി. വൈസ് പ്രസിഡന്റുമാരെയും ജനറൽസെക്രട്ടറിമാരെയും നിശ്ചയിച്ച വേളയിൽ ഒരാൾക്ക് ഒരു പദവി മാനദണ്ഡം ഏറെക്കുറെ ഉറപ്പുവരുത്താനുമായി. എന്നാൽ എം.പി പദവിയിലിരിക്കുന്ന വർക്കിംഗ് പ്രസിഡന്റുമാർ പാർട്ടി പദവികളൊഴിയാൻ തയാറായിരുന്നില്ല. പ്രചരണസമിതി അദ്ധ്യക്ഷസ്ഥാനമൊഴിയണമെന്ന് മുരളീധരനോട് ഹൈക്കമാൻഡ് ആവശ്യപ്പെട്ടിരുന്നില്ല. എം.പിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം യു.ഡി.എഫ് കൺവീനർ സ്ഥാനത്ത് തുടർന്നുവന്ന ബെന്നി ബെഹനാനും ഇന്നലെ കൺവീനർ സ്ഥാനമൊഴിഞ്ഞിരുന്നു.