തിരുവനന്തപുരം: പാഴ്സൽ സർവീസുകൾ കൂടുതൽ കാര്യക്ഷമമാക്കാൻ റെയിൽവേ തീരുമാനിച്ചു. ട്രെയിനിൽ പാഴ്സൽ അയയ്ക്കാനുണ്ടെങ്കിൽ ഇനി 120 ദിവസം മുമ്പ് 10 ശതമാനം തുക അടച്ച് റിസർവ് ചെയ്യാം. 72 മണിക്കൂറിന് മുമ്പ് (മൂന്നു ദിവസം) ബാക്കി തുക അടച്ചാൽ മതി. അതിനുമുമ്പ് ബുക്കിംഗ് കാൻസൽ ചെയ്താൽ നേരത്തെ അടച്ച തുകയുടെ പകുതി തിരികെ ലഭിക്കും.
നിലവിൽ ട്രെയിൻ പുറപ്പെടുന്നതിനു രണ്ടു മണിക്കൂർ മുമ്പുവരെ എത്തിയാൽ സ്ഥലലഭ്യതയനുസരിച്ച് പാഴ്സൽ അയയ്ക്കാം. ഈ സംവിധാനം തുടർന്നും ഉണ്ടാകും. സ്ഥലം ഉറപ്പാക്കുന്നതിനു വേണ്ടിയാണ് മുൻകുട്ടിയുള്ള ബുക്കിംഗ്.
ലോക്ക്ഡൗൺ പ്രഖ്യാപിച്ച ശേഷം ഇന്ത്യൻ റെയിൽവേ പാസഞ്ചർ ട്രെയിനുകളിൽ പാഴ്സൽ സർവീസ് ആരംഭിച്ചിരുന്നു. ആകെ 62 ട്രെയിനുകളാണ് ഇപ്പോൾ പാഴ്സൽ സർവീസിനു മാത്രമായി സർവീസ് നടത്തുന്നത്. തിരുവനന്തപുരം ഡിവിഷനിൽ തിരുവനന്തപുരം - ചെന്നൈ പാഴ്സൽ ട്രെയിൻ മൂന്നു ദിവസത്തിലൊരിക്കൽ സർവീസ് നടത്തുന്നുണ്ട്.