anto

പേരൂർക്കട: ഭാര്യയെയും കുഞ്ഞിനെയും ബൈക്കിൽനിന്നു തള്ളിയിട്ടു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്​റ്റിൽ. വട്ടിയൂർക്കാവ് വാഴോട്ടുകോണം പാപ്പാട് സ്വദേശി ആന്റോയാണ് (36) അറസ്​റ്റിലായത്. മലേഷ്യയിൽ ജോലിചെയ്തുവരുന്നയാളാണ് ആന്റോ. ഭാര്യ നാലാഞ്ചിറ സ്വദേശിനിയാണ്. കുറച്ചുനാളായി ആന്റോ ഭാര്യയുമായി പിണക്കത്തിലായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഇയാൾ പാപ്പാടുള്ള കുടുംബവീട്ടിലേക്ക് ഭാര്യയെ നിർബന്ധിച്ച് കൂട്ടിക്കൊണ്ടുവരികയും പാപ്പാട് ജംഗ്ഷനു സമീപത്തുവച്ച് ഭാര്യയെയും കുഞ്ഞിനെയും ബൈക്കിൽനിന്നു തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. വീഴ്ചയിൽ തലയ്ക്കു സാരമായി പരിക്കേ​റ്റ ഭാര്യ മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞിനും പരിക്കേ​റ്റു. തന്നെ കുറച്ചുനാളായി മാനസികമായും ശാരീരികമായും ഇയാൾ പീഡിപ്പിച്ചുവരുന്നതായി യുവതി പറയുന്നു. വട്ടിയൂർക്കാവ് സി.ഐ എ.എസ് ശാന്തകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി.