തിരുവനന്തപുരം: ' ബാലസുബ്രഹ്മണ്യം മരിക്കുന്നതിന് മുൻപ് അവസാനം പാടിയത് എനിക്കൊപ്പമാണ്. ആശുപത്രിയിൽ ആകുന്നതിന് ആഴ്ചകൾക്ക് മുമ്പ് മൈസൂരിൽ എന്റെ വീട്ടിൽ വന്നു. മൈസൂരിൽ ഒരു പരിപാടി ഉണ്ടായിരുന്നു. വീട്ടിൽ നിന്നും ഊണ് കഴിച്ച് ഞങ്ങൾ ആ പരിപാടി സ്ഥലത്ത് പോയി ഒരുമിച്ച് പാടി. ഞാനും അവനും പിന്നെ എങ്ങും പാടിയില്ല..' ഉള്ളുലയ്ക്കുന്ന വാക്കുകൾ ജാനകി അമ്മയുടേതാകുമ്പോൾ എസ്.പി.ബിയെ ഇഷ്ടപ്പെടുന്നവരുടെ കണ്ണു നിറഞ്ഞുപോകും. വീഡിയോയിലൂടെയാണ് ജാനകിഅമ്മ എസ്.പി.ബിക്ക് ആത്മശാന്തി നേർന്നത്.
എസ്.പി.ബിയും ജാനകിയമ്മയും ചേർന്ന് പാടിയ പാട്ടുകൾ ഇന്നും ഹിറ്റാണ്. എസ്.പി.ബിയുടെ ചെറുപ്പത്തിൽ നെല്ലൂരിൽ നടന്ന പരിപാടിയിൽ ജാനകിയമ്മയും ഉണ്ടായിരുന്നു. ഈ ചെറുക്കൻ നന്നായി പാടുന്നുണ്ട്. 'എടാ ചെറുക്കാ നീ വലിയ ആളാകും" എന്ന് അവനോട് അന്ന് പറഞ്ഞിരുന്നു. അവൻ പിന്നെ വളർന്നു, പ്രശസ്തനായി. എല്ലാ വേദിയിലും അവൻ എന്നെ പറ്റി പറയും. ഞങ്ങൾ മത്സരിച്ച് പാടി. എന്റെ സംഗീതത്തിൽ അവനും അവന്റെ സംഗീതത്തിൽ ഞാനും പാടി. ഞാൻ അവനായി ഒന്നും ചെയ്തില്ല. അവന്റെ കഴിവ് കൊണ്ട് ഇവിടെവരെയെത്തി. അവസാനമായി അവൻ പാടിയതും ഞങ്ങൾ ഒരുമിച്ചുള്ള പരിപാടിയിലായിരുന്നു. രോഗം മാറും തിരികെ വരും എന്ന് കരുതി. പക്ഷേ അവൻ പോയി. ആത്മശാന്തി നേരുന്നു..ഇടറുന്ന വാക്കുകളോടെയാണ് ജാനകി അമ്മ പറഞ്ഞു നിറുത്തിയത്