arrest

തിരുവനന്തപുരം: വർക്കലയിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ റിമാൻഡിൽ കഴിയുന്നതിനിടെ തടവുചാടിയ മോഷണക്കേസ്‌ പ്രതിയെ ബംഗളുരുവിൽ നിന്നും പിടികൂടി. മാക്കാൻ വിഷ്ണു എന്ന വിഷ്ണുവിനെയാണ് (25) മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റുചെയ്‌തത്. ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്നും കഴിഞ്ഞ ഓഗസ്റ്റ്10നാണ് ഇയാൾ രക്ഷപ്പെട്ടത്. ഒളിവിൽ കഴിയുന്നതിനിടെ കുമാരപുരത്ത് നിന്നും ഒരു ബൈക്കും 22ന് രാത്രി കുളത്തൂർ 'മൈക്രോടെക് സിസ്റ്റം ആൻഡ് സൊല്യൂഷൻ' എന്ന ഷോപ്പ് കുത്തിത്തുറന്ന് വിലപിടിപ്പുള്ള ലാപ് ടോപ്പും മൊബൈൽ ഫോണും പണവും ഇയാൾ മോഷ്ടിച്ചു. മോഷണ മുതലുമായി തമിഴ്നാട്ടിലേയ്ക്ക് കടന്ന ഇയാൾ യാത്രാ വേളയിൽ സേലത്തിന് സമീപം വാഹന അപടകടത്തിൽപ്പെട്ട് സേലം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു. പൊലീസ് പിടിയിലാകുമെന്ന് മനസിലാക്കിയ ഇയാൾ ആശുപത്രിയിൽ നിന്നും മുങ്ങി ബംഗളുരുവിൽ ഒളിവിൽ കഴിയുകയായിരുന്നു. മെഡിക്കൽ കോളേജ് എസ്.എച്ച്.ഒ ഹരിലാലിന്റെ നേതൃത്വത്തിൽ എസ്.ഐ പ്രശാന്ത്, എസ്.സി.പി.ഒ രഞ്ജിത്, സി.പി.ഒ വിനീത്, പ്രതാപൻ, ഷൈനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. ഇയാൾക്കെതിരെ മെഡിക്കൽ കോളേജ്,​ ഫോർട്ട്, വഞ്ചിയൂർ, കഴക്കൂട്ടം, പൂന്തുറ, പേട്ട പോലീസ് സ്റ്റേഷനുകളിലായി 40 ഓളം മോഷണ, പിടിച്ചുപറി കേസുകൾ നിലവിലുള്ളതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഡോ .ദിവ്യ ഗോപിനാഥ് അറിയിച്ചു. പ്രതിയെ റിമാൻഡ് ചെയ്‌തു.