തിരുവനന്തപുരം : ഗ്രാമീണമേഖലയിലെ മുഴുവൻ വീടുകൾക്കും ജലജീവൻ മിഷനിലൂടെ കുടിവെള്ള കണക്‌ഷൻ കിട്ടാൻ ആധാർ കാർഡ് മാത്രം രേഖയായി നൽകിയാൽ മതിയെന്ന് വാട്ടർ അതോറിട്ടി അറിയിച്ചു.
സാധാരണ കുടിവെള്ള കണക്‌ഷന്റെ നടപടിക്രമങ്ങളോ രേഖകളോ വേണ്ട. ജലജീവൻ നടപടിക്രമങ്ങൾ ലളിതമാക്കാൻ വാട്ടർ അതോറിറ്റിയുടെ മൊബൈൽ ആപ്ലിക്കേഷനുണ്ട്. ഈ ആപ്പ് വഴിയായിരിക്കും തുടർനടപടികൾ. ഗുണഭോക്താക്കൾ ആധാർ നമ്പരും മൊബൈൽ നമ്പരും നൽകിയാൽ മതി. ഉദ്യോഗസ്ഥർ വീടുകളിൽ എത്തി നടപടികൾ പൂർത്തിയാക്കും. കൺസ്യൂമർ നമ്പരും ഐ.ഡിയും എസ്.എം.എസ് ആയി അറിയിക്കും. പഞ്ചായത്തിന്റെ പദ്ധതിച്ചെലവിന്റെ പത്തുശതമാനമാണ് ഗുണഭോക്താവിന്റെ വിഹിതം. അത് അടയ്ക്കുന്ന മുറയ്ക്ക് കണക്‌ഷൻ ലഭിക്കും.എ.പി.എൽ, ബി.പി.എൽ വ്യത്യാസമില്ലാതെ മുഴുവൻ ഗ്രാമീണ കുടുംബങ്ങൾക്കും കുറഞ്ഞ വിഹിതം അടച്ചു കണക്‌ഷൻ നേടാം. കണക്‌ഷന് പഞ്ചായത്ത് ഓഫീസിലോ തൊട്ടടുത്ത വാട്ടർ അതോറിറ്റി ഓഫീസിലോ ജലനിധി ഓഫീസിലോ എത്തണം.