തിരുവനന്തപുരം : വിനോദസഞ്ചാരത്തിലൂടെ പ്രാദേശിക വികസനമെന്ന ആശയം ലോകം ചർച്ചചെയ്തു തുടങ്ങുമ്പോൾ, കേരളം ആ രംഗത്ത് ബഹുദൂരം മുന്നിലെത്തിക്കഴിഞ്ഞെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളിലൂടെയാണ് ഈ മുന്നേറ്റം കൈവരിച്ചത്. നാടിന്റെ പരിസ്ഥിതിയും, സംസ്‌കാരവും, പൈതൃകവും സംരക്ഷിച്ചു കൊണ്ട് തദ്ദേശീയർക്ക് ടൂറിസം വഴി തൊഴിലും വരുമാനവും , തദ്ദേശീയർക്ക് നന്നായി ജീവിക്കാനുള്ള സാഹചര്യമുണ്ടാക്കുകയാണ് ഉത്തരവാദിത്ത ടൂറിസത്തിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പത്രക്കുറിപ്പിൽ പറഞ്ഞു.
2008ൽ പരീക്ഷണാടിസ്ഥാനത്തിൽ കുമരകം,കോവളം,വൈത്തിരി,തേക്കടി വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഉത്തരവാദിത്ത ടൂറിസം ആരംഭിച്ചു. 2011ൽ ബേക്കൽ, അമ്പലവയൽ, കുമ്പളങ്ങി കൂടി വ്യാപിപ്പിച്ചു.ടൂറിസം മേഖലയുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധപ്പെട്ട വ്യത്യസ്തങ്ങളായ 18600 യൂണിറ്റുകൾ ഇപ്പോൾ ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട് . ആർ.ടി മിഷന്റെ വിവിധ യൂണിറ്റുകളിലൂടെ പ്രത്യക്ഷമായി 32,562 പേരും പരോക്ഷമായി 60,373 പേരും വിനോദ സഞ്ചാരമേഖലയുടെ ഗുണഭോക്താക്കളായി മാറിയിട്ടുണ്ട്. പ്രാദേശിക സമൂഹത്തിനു ടൂറിസം മേഖലയിൽ നിന്ന് വരുമാനം ലഭ്യമാക്കുകയും ഉത്തരവാദിത്ത ടൂറിസത്തിന്റെ പ്രാഥമിക ലക്ഷ്യമാണെന്ന് മന്ത്രി പറഞ്ഞു.