വർക്കല: ഗ്രാമപഞ്ചായത്തുകളിൽ ഇ ഗവേണൻസ് നടപ്പിലാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. മന്ത്രി എ.സി. മൊയ്തീൻ അദ്ധ്യക്ഷത വഹിക്കും. പദ്ധതി ആദ്യമായി നടപ്പാക്കുന്നതിന് തെരഞ്ഞെടുത്ത ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ ഇതിനകം ട്രയൽ വിജയകരമായി പൂർത്തിയാക്കി. മറ്റ് 150 ഗ്രാമപഞ്ചായത്തുകളിൽ കൂടി പദ്ധതി നടപ്പാക്കുന്നതിന്റെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിർവഹിക്കുന്നത്. പദ്ധതി നടപ്പാക്കുന്ന ഗ്രാമപഞ്ചായത്തുകളിലെ എല്ലാ സേവനങ്ങളും ഇനി ഒറ്റ പ്ലാറ്റ്ഫാമിലാവും. ഇന്റഗ്രേറ്ററ്റ് ലോക്കൽ ഗവേണൻസ് മാനേജ്മെന്റ് സൊല്യൂഷൻസ് (ഐ.എൽ.ജി.എം.എസ്) എന്ന പുതിയ സോഫ്ട്വെയറിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്.
നേട്ടങ്ങൾ നിരവധി
നിലവിൽ പത്തിലധികം സോഫ്ട്വെയറുകൾ ഉപയോഗിച്ചാണ് തദ്ദേശ സ്ഥാപനങ്ങളിൽ ദൈനംദിന കാര്യങ്ങൾ നടത്തുന്നത്. പഞ്ചായത്ത് ഓഫീസുകളിലേക്ക് വരാതെ തന്നെ എല്ലാ അപേക്ഷകളും അക്ഷയകേന്ദ്രങ്ങൾ വഴിയോ വീട്ടിലിരുന്നോ ഇനിമുതൽ സമർപ്പിക്കാനാവും. അപേക്ഷയിൽ ഏതെങ്കിലും വിധത്തിലുളള പിശകുകൾ ഉണ്ടെങ്കിൽ അത് യഥാസമയം അപേക്ഷകനെ അറിയിക്കും. വിവരങ്ങൾ പൂർണ്ണമായാൽ മാത്രമെ അപേക്ഷ സ്വീകരിക്കപ്പെടുകയുള്ളൂ. അപേക്ഷയുടെ അവസ്ഥ വ്യക്തമാക്കുന്ന എസ്.എം.എസുകളും ലഭിക്കും. വിദേശത്തിരുന്നപോലും ഇ ഗവേണൻസ് നടപ്പാക്കിയ ഗ്രാമപഞ്ചായത്തുകളിലേക്ക് അപേക്ഷ നൽകി സർട്ടിഫിക്കറ്റുകളും മറ്റും ഓൺലൈനായി ഡൗൺലോഡ് ചെയ്ത് എടുക്കാനാകും. മുൻഗണനാക്രമം കൃത്യമായി പാലിച്ചായിരിക്കും സേവനങ്ങൾ നൽകുന്നത്. ആദ്യം തീർപ്പാക്കേണ്ട ഫയലുകൾ ഏതെന്ന് ജീവനക്കാർക്കും അറിയാൻ കഴിയും. ഫയലുകൾ പരിശോധിക്കമ്പോൾ പാലിക്കേണ്ട നിയമങ്ങളും ചട്ടങ്ങളുമെല്ലാം സോഫ്ട്വെയർ തന്നെ ഓർമ്മിപ്പിക്കും.