s

തൃശൂർ: പുത്തൻ ആഡംബര ബൈക്ക് മോഷ്ടിച്ച പ്രതിയെ നിമിഷങ്ങൾക്കകം പിടികൂടി . മഹാരാഷ്ട്ര സ്വദേശിയും ഗുരുവായൂരിൽ ഡ്രീംവേൾഡ് ഡൈവിംഗ് സ്പേസ് എന്ന സ്ഥാപനത്തിലെ തൊഴിലാളിയുമായ രാഹുൽസിംഗിനെയാണ് (29) വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി പടിഞ്ഞാറെകോട്ടയിലാണ് സംഭവം. തൊണ്ണൂറായിരം രൂപ വില വരുന്ന അരണാട്ടുകര സ്വദേശിയുടെ പുത്തൻ ആഡംബര ബൈക്കാണ് കവർന്നത്.

ബൈക്ക് കടയിൽ കയറി സാധനം വാങ്ങുന്നതിന് നിറുത്തി. ബൈക്കിൽ നിന്നും താക്കോലെടുത്തിരുന്നില്ല. കടയിൽ സാധനം വാങ്ങി ഇറങ്ങുന്നതിനിടയിലായിരുന്നു ബൈക്കുമായി ഇയാൾ കടന്നത്. വിവരം ലഭിച്ച ഉടനെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടയിൽ ശങ്കരയ്യ റോഡിൽ ബൈക്ക് അപകടമുണ്ടായ വിവരം പൊലീസിന് ലഭിച്ചു. ബൈക്ക് പുതിയതായതിനാൽ നമ്പര് ഓർമ്മയിലില്ലാത്തതാണ് അൽപ്പമെങ്കിലും വൈകിച്ചത്. അപകടത്തിനിടയിൽ പ്രതി ഓടിരക്ഷപ്പെട്ടു. ഇത് മറ്റൊരു ഓട്ടോറിക്ഷക്കാരന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. പൂത്തോൾ റോഡിൽ ഐസ് ഫാക്ടറിക്ക് സമീപം വാഹനത്തിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടുന്നത്. എസ്.ഐ ബൈജു, എ.എസ്.ഐ രമേഷ്, സുദർശൻ, സീനിയർ സി.പി.ഒമാരായ അരുൺഘോഷ്, ഡ്രൈവർ മനോജ് കുമാർ, സി.പി.ഒ അബീഷ് ആന്റണി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.