കാട്ടാക്കട: നാട്ടിൽ നിന്നും പിടികൂടുന്ന വന്യമൃഗങ്ങളെ ജനവാസമേഖലയിൽ തുറന്നുവിടുന്നതിൽ പ്രതിഷേധവുമായി ആദിവാസികൾ. ജില്ലയിലെ വിവിധയിടങ്ങളിൽ നിന്ന് പിടികൂടുന്ന പാമ്പ്, കുരങ്ങ്, പന്നി തുടങ്ങിയ ജീവികളെ വന്യജീവി നിയമപ്രകാരം ഉൾക്കാട്ടിൽ എവിടെയെങ്കിലും തുറന്നു വിടുകയാണ് പതിവ്. എന്നാൽ കോട്ടൂർ ആദിവാസി സെറ്റിൽമെന്റിനുള്ളിൽ ജനവാസമേഖലയ്ക്ക് സമീപമാണ് റാപ്പിഡ് റെസ്പോൺസ് ടീം പിടികൂടുന്ന പെരുമ്പാമ്പ് ഉൾപ്പെടെയുള്ള ജീവികളെ തുറന്നുവിടുന്നത്. ഇത്തരത്തിൽ മഞ്ചായത്തോട്, മാങ്കോട്, വാലിപ്പാറ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ഇവ കാരണം നിരന്തരം ശല്യമുണ്ടാവുകയാണ്. ഈ പ്രദേശത്തെ കൃഷിയും വന്യമൃഗങ്ങളെ കാരണം പ്രതിസന്ധിയിലായി.