മറ്റൊരു ലോക ഹൃദയദിനം കൂടി വന്നുചേർന്നു. കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ഇപ്രാവശ്യത്തെ ലോക ഹൃദയദിനം. മുമ്പെങ്ങും നാം കണ്ടിട്ടില്ലാത്ത, നമ്മുടെ ചിന്തകളിൽ പോലും കടന്നുവന്നിട്ടില്ലാത്ത ഒരു സമയത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. കോവിഡ് 19 എന്ന മഹാമാരി നമ്മുടെയെല്ലാം ജീവിതത്തെ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഹൃദയ സംരക്ഷണത്തിനായി എന്തെങ്കിലും അറിയാനോ ശ്രദ്ധിക്കാനോ ഉണ്ടോയെന്ന് പരിശോധിക്കാം.
ഒന്നു സൂക്ഷിച്ചാൽ..
നമുക്ക് ഏവർക്കുമറിയാം ഹൃദ്രോഗം നമ്പർ 1 കൊലയാളിയാണെന്നും അതിൽ 80 ശതമാനത്തിലേറെ തടയാനാവുന്നതാണെന്നും. ഹൃദയാഘാതത്തിന്റെ പ്രധാന കാരണങ്ങളായ പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ എന്നിവ നിയന്ത്രിക്കുകയും പുകവലി ഉപേക്ഷിക്കുകയും ജീവിതശൈലിയിൽ ഉചിതമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നത് നല്ലൊരു പരിധി വരെ ഹൃദയാഘാതത്തിന്റെ സാദ്ധ്യത കുറയ്ക്കാൻ സഹായിക്കും.
ജീവിതശൈലിയിലെ മാറ്റങ്ങൾ എന്നാൽ, പ്രധാനമായും ആരോഗ്യകരമായ ഭക്ഷണരീതി, കൃത്യമായ വ്യായാമം, മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനായി യോഗ, ധ്യാനം എന്നിവയാണ്.
ഈ കാലഘട്ടത്തിൽ ധാരാളംപേർ വീട്ടിൽ നിന്നും ജോലിയിലേർപ്പെടാൻ നിർബന്ധിതരായിരിക്കുകയാണ്. അതുകൊണ്ടുതന്നെ അവരവരുടെ ദൈനംദിന ചിട്ടകൾ മാറി അമിതമായ, ആരോഗ്യകരമല്ലാത്ത ഭക്ഷണശീലം, വ്യായാമക്കുറവ് എന്നിവയ്ക്ക് ഇടയാക്കുന്നു. കൂടാതെ കൃത്യമായ പരിശോധനകൾ ഇല്ലാത്തതുമൂലം മരുന്നുകൾ കഴിക്കുന്നത് പോലും മുടങ്ങിപ്പോകുന്നതായും കാണുന്നുണ്ട്.
ആഗോള മഹാമാരിയായ കൊവിഡ് 19 ന്റെ ഈ കാലഘട്ടത്തിൽ ഹൃദ്രോഗികൾക്ക് പല രീതിയിലുള്ള പ്രശ്നങ്ങൾ വരാൻ സാദ്ധ്യതയുണ്ട്.
1. കൊവിഡ് രോഗം ഹൃദ്രോഗമുള്ളവരെ ബാധിച്ചാൽ രോഗത്തിന്റെ കാഠിന്യം സങ്കീർണമാകാനുള്ള സാദ്ധ്യത കൂടുതലാണ്.
2. കൊവിഡ് ഭീതി മൂലം ഹൃദ്രോഗികൾ അവരുടെ തുടർ ചികിത്സയ്ക്ക് ഡോക്ടറെ കാണാനും വൈദ്യസഹായത്തിനായി ആശുപത്രി സന്ദർശനത്തിനും മടിക്കുന്നു.
ഇത്തവണ ലോക ഹൃദയദിനത്തിൽ ലോക ഹൃദയസംഘടന ആഹ്വാനം ചെയ്തിരിക്കുന്ന വാക്യമിതാണ് 'ഹൃദ്രോഗത്തെ മറികടക്കാൻ നിങ്ങളുടെ ഹൃദയം ഉപയോഗിക്കുക'. നിങ്ങളുടെ പ്രിയപ്പെട്ടവർക്കും രോഗികൾക്കും സഹപ്രവർത്തകർക്കും ആരോഗ്യകരമായ ഭക്ഷണരീതിയെക്കുറിച്ചും കൃത്യമായ വ്യായാമത്തിന്റെയും പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുക. ചികിത്സയിലുള്ളവർ കൃത്യമായി മരുന്നുകൾ തുടരുക. പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗം എന്നിവ ഉള്ളവർ പരിശോധനയും ചികിത്സയും സമയാസമയത്ത് തന്നെ എടുക്കണം. അത്യാവശ്യ സന്ദർഭങ്ങളിൽ വൈദ്യസഹായം ആവശ്യപ്പെട്ടാൽ ഒരു തടസവുമില്ലാതെ നിങ്ങൾക്ക് അത് ലഭിക്കും. ഹൃദ്രോഗത്തെ ചെറുക്കാൻ നിങ്ങൾ നിങ്ങളുടെ ഹൃദയം ഉപയോഗിക്കുക. ഈ വർഷത്തെ ലോക ഹൃദയ സംഘടനയുടെ ആഹ്വാനം നമുക്ക് അന്വർത്ഥമാക്കാം.
ഡോ.എസ്.രാജലക്ഷ്മി
ഹൃദ്രോഗവിഭാഗം മേധാവി, പട്ടം എസ്.യു.ടി ആശുപത്രി