latha

തലമുറകളിൽ നിന്നു തലമുറകളിലേക്ക് കൈമാറ്റപ്പെട്ട പ്രണയത്തിന്റെയും വിരഹത്തിന്റെയും ആഹ്ളാദത്തിന്റെയും സ്വരമാധുരി. അതെ.,ദേശസ്‌നേഹത്തിന്റെ അനുഭൂതിയും വികാരവും പകർന്നൊഴുകിയ സ്വരത്തിന് ഉടമയായ ലതാ മങ്കേഷ്‌കർക്ക് ഇന്ന് 91 വയസ്. പാടാൻ മാത്രമായി ലഭിച്ച നിയോഗത്തിനുപുറമേ നമ്മുടെ സാംസ്കാരിക പൈതൃകത്തിന്റെ സുകൃതം കൂടിയാണ് ഭാരതീയ സംഗീതത്തിന്റെ വാനമ്പാടിയായും പൂങ്കുയിലായും വിശേഷിപ്പിക്കപ്പെടുന്ന ആ പുണ്യജന്മം. 13ാം വയസിൽ തുടങ്ങി കഴിഞ്ഞ നാല് തലമുറകളുടെ കർണങ്ങളിൽ മധുമഴയായി പെയ്തിറങ്ങിയ ആ ശബ്ദത്തിന് ഇന്നും മധുരപ്പതിനേഴ്. സംഗീതത്തിന്റെ അനന്തവിഹായസ്സിൽ ചിറകുവിടർത്തി പാറിപ്പറക്കാൻ ലതാജിക്ക് ഇന്നും കഴിയുന്നത് സംഗീതത്തോടുള്ള അനന്തമായ സ്നേഹം ഒന്നുകൊണ്ടു മാത്രമാണ്.

സംഗീതകുടുംബം

മറാത്ത നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടെ ആറുമക്കളിൽ മൂത്തയാളായി 1929 സെപ്തംബർ 28ന് ഇൻഡോറിൽ ഒരു കൊങ്കണി കുടുംബത്തിൽ ലത ജനിച്ചു. അമ്മ ശുദ്ധമാതി. ലതാ മങ്കേഷ്‌കറിന്റെ ആദ്യ പേര് ഹേമ എന്നായിരുന്നു പിന്നീട്, ദീനനാഥിന്റെ ഭാവ്ബന്ധൻ എന്ന നാടകത്തിലെ കഥാപാത്രമായ ലതിക എന്ന പേരുമായി ബന്ധപ്പെടുത്തി , ലത എന്നാക്കിമാറ്റുകയായിരുന്നു. ഹൃദ്യനാഥ് മങ്കേഷ്‌കർ, ആശാ ഭോസ്‌ലേ, ഉഷാ മങ്കേഷ്‌കർ, മീനാ മങ്കേഷ്‌കർ എന്നിവരാണ് സഹോദരങ്ങൾ. പിതാവിൽനിന്നാണ് ലത, സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്. അഞ്ചാമത്തെ വയസിൽ പിതാവിന്റെ സംഗീതനാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങി. ലതയ്ക്ക് പതിമൂന്ന് വയസുള്ളപ്പോൾ അച്ഛൻ മരിച്ചു. കുടുംബം പോറ്റാൻവേണ്ടി ലത സിനിമയിൽ അഭിനയിക്കാൻ തുടങ്ങി. പിന്നീട് അഭിനയം വിട്ട് സംഗീതത്തിലൂടെ ലത വളർന്നു. 1942ൽ കിടി ഹസാൽ എന്ന മറാത്തി ചിത്രത്തിൽ നാചു യാ ഗാഥേ, ഖേലു നാ മണി ഹാസ് ബാരി എന്ന ഗാനമാണ് ആദ്യമായി ആലപിച്ചത്. എന്നാൽ ഈ ഗാനം സിനിമയിൽ നിന്നും നീക്കംചെയ്തു. ആ വർഷം തന്നെ ലത, പാഹിലി മംഗളഗോർ എന്ന മറാത്തി ചിത്രത്തിൽ അഭിനയിക്കുകയും 'നടാലി ചൈത്രാചി നവാലായി' എന്ന ഗാനമാലപിക്കുകയും ചെയ്തു. 1943ൽ ഗജാബാഹു എന്ന ചിത്രത്തിലെ 'മാതാ ഏക് സപൂത് കി ദുനിയാ ബദൽ ദേ തൂ' എന്നതാണ് ലതയുടെ ആദ്യ ഹിന്ദി ഗാനം.1948ൽ ഷഹീദ് എന്ന ചിത്രത്തിനു വേണ്ടി പാടാനെത്തിയ ലതയെ ശബ്ദം നേർത്തതാണെന്ന് പറഞ്ഞ് നിർമ്മാതാവ് എസ്. മുഖർജി മടക്കി അയച്ചു. ബോംബെ ടാക്കീസിനുവേണ്ടി നസീർ അജ്മീറി സംവിധാനം ചെയ്ത മജ്ബൂർ (1948) എന്ന ചിത്രത്തിലെ ഗുലാം ഹൈദർ സംഗീതസംവിധാനം ചെയ്ത മേരാ ദിൽ തോഡാ എന്ന ഗാനമാണ് ലതാമങ്കേഷ്‌കറെ ഗായികയെന്ന നിലയിൽ ശ്രദ്ധേയയാക്കിയത്. ആ ശബ്ദമാണ് പിന്നീട് ഇന്ത്യ കീഴടക്കിയത്. 15 ഭാഷകളിലായി നാല്പതിനായിരത്തോളം സിനിമാഗാനങ്ങൾ ആലപിച്ചു. ലോകത്തിലേറ്റവും കൂടുതൽ ഗാനങ്ങൾ റെക്കാഡ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തിൽ ലതാ മങ്കേഷ്‌കറുമുണ്ട്. ഹിന്ദിസിനിമാരംഗം ലതയും സഹോദരി ആഷ ഭോസ്‌ലെയും ഏതാണ്ട് പൂർണമായും കീഴടക്കി. മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകളും 12 ബംഗാൾ ഫിലിം ജേർണലിസ്റ്റ് അസോസിയേഷൻ അവാർഡുകളും സ്വന്തമാക്കി. 1999ൽ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട വാനമ്പാടിയെ 2001ൽ രാജ്യം ഭാരതരത്നം നൽകി ആദരിച്ചു.

ഒരേയൊരു ശബ്ദം

ബോളിവുഡ് സിനിമയുടെ ഏഴുപതിറ്റാണ്ട് കാലം എടുത്താൽ ആ കാലയളവിൽ അഭിനയിച്ച് വെള്ളിത്തിര അടക്കിവാണിരുന്ന ഒട്ടുമിക്ക നായികമാരുടേയും ശബ്ദം ഒരേ ഒരാളായിരുന്നുവെന്നത് ശ്രദ്ധേയമാണ്. ഒരു കാലത്ത് നിരവധി നായികമാരുടെ ശബ്ദമായിരുന്നു ലതാ മങ്കേഷ്‌കർ. നർഗീസ്, നിമ്മി, മാലാ സിൻഹ, നന്ദ, ശർമിള ടാഗോർ, വൈജയന്തിമാല, പദ്മിനി, ഹെലൻ, വഹീദ റഹ്മാൻ, ബീനാറായി, ഗീതാ ബാലി, സീനത്ത് അമൻ, സൈറാ ബാനു, ആശ പരേഖ്, മുംതാസ്, മൗഷ്മി ചാറ്റർജി, ഹേമമാലിനി, ജയഭാദുരി, രേഖ, മാധുരി ദീക്ഷിത്, ഡിംപിൾ കപാഡിയ, ജൂഹി ചൗള തുടങ്ങി നിരവധി നായികമാരുടെ പിന്നണി പാടി നിറഞ്ഞുനിന്ന ശബ്ദമാണ് ലതാജിയുടേത്.

മലയാളത്തിന്റെ ചെങ്കതളി

വയലാർ എഴുതി സലിൽ ചൗധരി ഈണം പകർന്ന 'കദളി കൺകദളി ചെങ്കദളി പൂ വേണോ... ' ആണ് ലത മങ്കേഷ്‌കർ മലയാളത്തിൽ പാടിയ ഒരേയൊരു ഗാനം. രാമു കാര്യാട്ട് സംവിധാനം നിവഹിച്ച നെല്ല് എന്ന സിനിമയലേതാണ് ഈ പാട്ട്. ജയഭാരതിയും പ്രേം നസീറുമായിരുന്നു ചിത്രത്തിലെ നായികയും നായകനും.

നെഹ്റുവിന്റെ കണ്ണ് നനയിച്ച ദേശഭക്തി

ഭാരതത്തിന്റെ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ കണ്ണുകളെ ഈറനണിയിച്ച ഗാനമായിരുന്നു ലതാമങ്കേഷ്‌കർ ആലാപിച്ച ''ഏ മേരേ വതൻ കെ ലോ ഗോ...'' (ഗാനരചന കവി പ്രദീപ്. സംഗീതം സി. രാമചന്ദ്ര). ദേശഭക്തി തുളുമ്പുന്ന ലതാമങ്കേഷ്‌കറുടെ ഭാവപൂർണമായ ആലാപനം ശ്രവിച്ചുകൊണ്ടിരുന്ന ജവഹർലാലിന്റെ കണ്ണുകൾ നിറഞ്ഞു. 1963 ജനുവരിയിലായിരുന്നു സംഭവം.

"എന്റെ പാട്ടുകൾ കുറ്റമറ്റതാണെന്ന് പലരും പറയാറുണ്ട്. അതവരുടെ നല്ല മനസ്സ്. പക്ഷേ, എനിക്കറിയാം പൂർണമായും അത് ശരിയല്ലെന്ന്. ചിലപാട്ടുകളിൽ പൂർണത തോന്നാം. എന്നാൽ, ചിലതിൽ എനിക്ക് കേൾക്കുമ്പോൾ പിഴവുകൾ ഉണ്ടെന്ന് തോന്നാറുണ്ട്. ശ്രോതാവിന് അവ മനസ്സിലായിക്കൊള്ളണമെന്നില്ല, പക്ഷേ എനിക്ക് അറിയാം."

അവാർഡുകൾ

 ദാദാസാഹിബ് ഫാൽക്കെ അവാർഡ് -1989

 പത്മഭൂഷൺ - 1969

 പത്മവിഭൂഷൺ - 1999

 ഭാരതരത്നം - 2001