thuranga-patha

തിരുവമ്പാടി: മലബാറിന്റെ സ്വപ്നങ്ങൾക്ക് പ്രതീക്ഷയേകി ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്ക പാതയുടെ സർവേ അതിവേഗം പുരോഗമിക്കുന്നു. കൊങ്കൺ റെയിൽവേ കോർപ്പറേഷനാണ് നേതൃത്വം. ഇടതു സർക്കാരിന്റെ അഭിമാന പദ്ധതി പൂർത്തിയാകുന്നതോടെ വയനാട്, കോഴിക്കോട് ജില്ലകളുടെ സമഗ്ര വികസനത്തിനും സഹായകമാകും.

രണ്ടു മാസത്തിനകം സർവേ പൂർത്തിയാക്കി വിശദ പദ്ധതിരേഖ സമർപ്പിക്കും. ഇപ്പോൾ വയനാട്ടിലേയ്ക്കുള്ള യാത്ര ദുഷ്‌കരമാക്കുന്നത് താമരശേരി ചുരമാണ്. അടിവാരം വഴി താമരശേരി ചുരം കയറി കൽപറ്റയിൽ എത്തണമെങ്കിൽ ശ്വാസം അടക്കിപിടിച്ചു പോകണം. ഏതു നിമിഷവും അപകടം മുന്നിലെത്താം. ഹെയർ പിൻ വളവുകളുള്ളതും വീതി കുറഞ്ഞതുമായ ചുരത്തിൽ മണ്ണിടിച്ചിലും വാഹനാപകടങ്ങളും യാത്ര തടസപ്പെടലും പതിവാണ്. ഇതിന് പരിഹാരമാണ് തുരങ്കപാത.
തിരുവമ്പാടി മണ്ഡലത്തിലെ ആനക്കാംപൊയിലിൽ നിന്ന് തുടങ്ങുന്നതും കള്ളാടി വഴി മേപ്പാടിയിൽ എത്തുന്നതുമായ പാത ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി പാത എന്ന പേരിലാണ് ഇടതു മുന്നണിയുടെ പ്രകടന പത്രികയിൽ സ്ഥാനം പിടിച്ചിരുന്നത്.

ഇതാണ് ബദൽ സാദ്ധ്യത
വനഭൂമി ഉപയോഗിക്കേണ്ടി വരുന്നതാണ് വയനാട്ടിലേയ്ക്കുള്ള ഏതു റോഡ് വികസനത്തിനും തടസം. താമരശേരി ചുരം നവീകരിക്കാനോ വീതി കൂട്ടാനോ തടസവും അതു തന്നെ. ഇതിനൊന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അനുമതി നൽകുന്നുമില്ല. തുരങ്ക പാതയ്ക്ക് അതിന്റെ ആവശ്യമില്ല. വനഭൂമി ഉപയോഗിക്കാതെയും വനനശീകരണമെന്ന പൊല്ലാപ്പ് ഒഴിവാക്കിയുമാണ് തുരങ്ക പാത നിർമ്മിക്കുന്നത്.

വലീയ പദ്ധതിയായതിനാൽ നടക്കുമോയെന്ന സംശയം ഉണ്ടാകും. പക്ഷെ, പദ്ധതി യാഥാർത്ഥ്യമാകുമെന്ന ഉറച്ച വിശ്വാസമുണ്ട്.

ജോർജ് എം. തോമസ് (എം.എൽ.എ, തിരുവമ്പാടി)