കാഞ്ഞങ്ങാട്: വെള്ളരിക്കുണ്ടിലെ പതിനാലുകാരൻ നിർമ്മിച്ച ഓട്ടോമാറ്റിക് സാനിറ്റൈസർ മെഷീനാണ് ഇപ്പോൾ നാട്ടിലെ താരം. സെന്റ് ജൂഡ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഒൻപതാം തരം വിദ്യാർത്ഥിയാണ് അർണോൾഡ് ജയിംസെന്ന കൊച്ചു മിടുക്കൻ. കുഞ്ഞു പ്രായത്തിൽ തന്നെ ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ സ്വന്തമായി ഉണ്ടാക്കുന്നതിലും വൈദഗ്ദ്ധ്യം പ്രകടിപ്പിച്ചിരുന്നതായി വീട്ടുകാർ പറയുന്നു.
യൂട്യൂബ് വീഡിയോയിൽ നിന്നാണ് കാര്യങ്ങൾ പഠിക്കുന്നത്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു കുഞ്ഞൻ ഫാൻ നിർമ്മിച്ചായിരുന്നു തുടക്കം. പിന്നീട് കയ്യിൽ കിട്ടുന്ന വസ്തുക്കളെന്തും രൂപമാറ്റം വരുത്തി ഇലക്ട്രോണിക്‌സ് ഉപകരണങ്ങളാക്കും.
വീട്ടിൽ നിന്ന് കിട്ടാവുന്ന പാഴ് വസ്തുക്കൾ ശേഖരിച്ചും അനുബന്ധ സാധനങ്ങൾ വെളിയിൽ നിന്നും വാങ്ങിയുമാണ് ഓട്ടോമാറ്റിക് സാനിറ്റൈസർ മെഷീൻ നിർമ്മിച്ചത്. ആകെ ചെലവ് 350 രൂപ. ഒരു ലിറ്റർ സാനിറ്റൈസർ നിറയ്ക്കാവുന്ന 5 വോൾട്ടിന്റെ മെഷീൻ വെദ്യുതിയിലോ ബാറ്ററിയിലോ പ്രവർത്തിപ്പിക്കാം.
ഉണ്ടാക്കിയ മെഷീൻ സ്‌കൂളിലേക്ക് നൽകാനാണ് അർണോൾഡിന്റെ തീരുമാനം. വീട്ടുകാരുടെയും സഹപാഠികളുടേയും അദ്ധ്യാപകരുടേയും പ്രോത്സാഹനവുമുണ്ട്.