കുറ്റ്യാടി: ഒരു വ്യാഴവട്ടക്കാലം മുൻപ് മരുതോങ്കരയിലേക്ക് കുടിയേറിയ ബംഗാൾ കുടുംബത്തെ നെഞ്ചോട് ചേർത്ത് ജനം. കൽക്കത്ത ഫർഖോന ജില്ലയിലെ ഗാഡൻ ഡീച്ച് സ്വദേശി ഷെയ്ക്ക് രാജേഷിനും കുടുംബത്തിനും വീടൊരുക്കാൻ ശ്രമം പുരോഗമിക്കുകയാണ്. കുറ്റ്യാടി അങ്ങാടിയിലെ തയ്യൽ തൊഴിലാളിയായ ഇദ്ദേഹം കൊവിഡ് കാലത്ത് അനുഭവിച്ച യാതനകൾ കണ്ടാണ് നാട്ടുകാർ സഹായവുമായി എത്തിയത്.
വേട്ടോറേമ്മലിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു അഞ്ചംഗ കുടുംബം. കൊവിഡിന്റെ ഭാഗമായി കടകൾ അടച്ചപ്പോൾ ടൈലറിംഗ് കടയും പൂട്ടേണ്ടിവന്നു. ഭാര്യ നൂർജഹാനും മൂന്ന് മക്കളായ റസ്വാന(12), റജിയ(10), ഷെയ്ക് റഹിയാൻ(8) എന്നിവർ ഒരു നേരത്തെ ഭക്ഷണത്തിന് പോലും പ്രയാസപ്പെട്ടു. താമസിക്കുന്ന വീട്ടിന്റെ വാടകയും കരണ്ട് ബില്ലും നൽകാനായില്ല. ബംഗാളിൽ അടുത്ത ബന്ധുക്കളൊന്നും ഇല്ലെന്നും കേരളത്തിൽ സ്ഥിര താമസമാക്കാനാണ് ആഗ്രഹിക്കുന്നതെന്നും മനസിലാക്കിയതും സഹായം ലഭിക്കാൻ ഇടയാക്കി.
മക്കൾ മൂന്നു പേരും അടുക്കത്ത് യു.പി. സ്‌കൂളിലാണ് പഠിക്കുന്നത്. സ്വന്തമായി മേൽവിലാസം ഇല്ലാത്തതിനാൽ റേഷൻ കാർഡ് പോലും ഇവർക്കില്ല. സർക്കാരിന്റെ ആനുകൂല്യങ്ങളും കിട്ടിയുമില്ല. നരയൻങ്കോട് മസ്ജിദ് ഭാരവാഹികളും കുറ്റ്യാടിയിലെ ചിന്നൂസ് കൂട്ടായ്മ, അടുക്കത്ത് യു.പി. സ്‌കൂളിലെ അദ്ധ്യാപകരുമാണ് വീട് ഒരുക്കാൻ മുന്നിട്ടിറങ്ങിയത്. വേട്ടോറേമ്മലിൽ വീട് കണ്ടെത്തുകയും സൗകര്യങ്ങൾ ഏർപ്പെടുത്തി കൊണ്ടിരിക്കുകയുമാണ്. ദിവസങ്ങൾക്കകം സ്വപ്നം യാഥാർത്ഥ്യമാകുമെന്ന് മസ്ജിദ് ഭാരവാഹികളും അടുക്കത്ത് എം.എ.എം യു.പി. സ്കൂൾ അദ്ധ്യാപകൻ പി.കെ ഷമീറും ചിന്നൂസ് കൂട്ടായ്മ സാരഥികളായ നസീർ ചിന്നൂസ്, ടി.സി അഷറഫും പറഞ്ഞു.