കാസർകോട്: ഗൾഫിലുള്ള ഭർത്താവുമായി നിസാര കാര്യത്തിന് പിണങ്ങി മൂന്നു മക്കളെ വീട്ടിലാക്കി സ്ഥലംവിട്ട ബേക്കലിലെ യുവതി എത്തിയത് ബംഗ്ലൂരുവിലെ ഹോട്ടലിൽ. ഒപ്പം ഉണ്ടായിരുന്ന കുടക് സ്വദേശിയായ 25 കാരൻ പൊലീസ് പിന്നാലെയുണ്ടെന്ന് അറിഞ്ഞു 60000 രൂപ അടിച്ചുമാറ്റി മുങ്ങി. ഹോട്ടലിൽ ഒറ്റപ്പെട്ട യുവതിക്ക് രക്ഷകരായത് കണ്ണൂരിലെ ഹോട്ടൽ ഉടമകളാണ്. യുവതിയെ ബംഗളൂരുവിൽ നിന്നും പൊലീസ് ബേക്കലിലെത്തിച്ച് മജിസ്‌ട്രേട്ട് മുമ്പാകെ ഹാജരാക്കി ബന്ധുക്കൾക്കൊപ്പം അയച്ചു.
ബംഗ്ലൂരു മെജിസ്റ്റികിന് സമീപം കെ.ആർ മാർക്കറ്റിലെ ഹോട്ടൽ മുറിയിലാണ് ബേക്കൽ പൊലീസ് ഭർതൃമതിയെ കണ്ടെത്തിയത്. ഈ സമയം യുവതി മാത്രമെ ഹോട്ടൽ മുറിയിലുണ്ടായിരുന്നുള്ളു. കണ്ണൂർ സ്വദേശിയുടെതാണ് ഈ ഹോട്ടൽ. ഹോട്ടലുടമകൾ യുവതിയുടെ ബന്ധുക്കളെ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസും ബന്ധുക്കളും എത്തുകയായിരുന്നു.
ഇക്കഴിഞ്ഞ 17 മുതലാണ് ഭർതൃമതിയെ കാണാതായത്. പടന്ന കടപ്പുറത്തെ ബന്ധുവീട്ടിൽ പോവുകയാണെന്ന് പറഞ്ഞാണ് യുവതി വീട്ടിൽ നിന്നും ഇറങ്ങിയത്. പിന്നീട് കാണാതാവുകയായിരുന്നു. ബന്ധുവിന്റെ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് ഭർതൃമതി ബംഗളൂരുവിലുള്ള വിവരം ലഭിച്ചത്.
വീട്ടിലെ ഗ്യാസ് കണക്ഷനെ ചൊല്ലി ഗൾഫിലെ ഭർത്താവുമായി യുവതി വാക്‌പോരിലായി. ഇതിന് പിന്നാലെയാണ് യുവതി വീടുവിട്ടത്. മൊബൈൽ ഫോൺ നമ്പർ സൈബർ സെല്ല് പരിശോധിച്ചപ്പോൾ കുടക് സ്വദേശിയായ യുവാവുമായി നിരന്തരം സംസാരിച്ചതായി കണ്ടെത്തി. ബംഗളൂരുവിൽ ഹോട്ടൽ ജോലി ചെയ്യുന്ന യുവാവിനെ ബേക്കൽ എസ്.ഐ പി. അജിത് കുമാർ ഫോണിൽ വിളിച്ചു നോക്കിയപ്പോൾ യുവതി തനിക്കൊപ്പമില്ലെന്ന് ആവർത്തിച്ച യുവാവ് നൽകിയ മറുപടി കളവാണെന്ന് ബംഗളൂരുവിൽ എത്തിയപ്പോൾ പൊലീസിന് ബോധ്യമായി.
മൂന്ന് ദിവസമായി യുവതി ഇതേ ഹോട്ടൽ മുറിയിൽ തനിച്ചു കഴിയുകയായിരുന്നു. ഹോട്ടൽ ഉടമയുടെ സംരക്ഷണത്തിലായിരുന്നു യുവതി. ഹോട്ടൽ ഉടമകളുടെ ഇടപെടലാണ് ഭർതൃമതിക്ക് രക്ഷയായത്. ഭർത്താവിന്റെ അകന്ന ബന്ധുവായ യുവാവ് തന്നെ കുടുക്കിയതാണെന്ന് ഭർതൃമതി മൊഴി നൽകി. വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ 90,000 രൂപ ഭർതൃമതി കൊണ്ടുപോയിരുന്നു. ഇതിൽ 30,000 രൂപ ചിലവായി. ശേഷിക്കുന്ന 60,000 രൂപയാണ് കുടക് യുവാവ് അടിച്ചുമാറ്റിയത്.