പയ്യന്നൂർ: കൊവിഡ് കാലത്ത് താറുമാറായതാണ് ട്രെയിൻ ഗതാഗതം. സ്പെഷ്യൽ ട്രെയിനുകൾ ഓടിത്തുടങ്ങിയപ്പോഴൊന്നും പയ്യന്നൂരിനെ പരിഗണിച്ചിരുന്നില്ല. ഒടുവിൽ ആറ് മാസത്തിന് ശേഷം പയ്യന്നൂരിൽ സ്റ്റോപ്പുള്ള ആദ്യ തീവണ്ടി ഞായറാഴ്ച മുതൽ ഓടി തുടങ്ങി. മംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്കുള്ള മെയിൽ സൂപ്പർ ഫാസ്റ്റ് തീവണ്ടിയാണ് ആരംഭിച്ചത്. കണ്ണൂർ ഭാഗത്തേക്ക് ഉച്ചയ്ക്ക് 03.05 നും ചെന്നൈയിൽ നിന്ന് മംഗളൂരുവിലേക്കുള്ളത് 29ന് ചൊവ്വാഴ്ച മുതൽ രാവിലെ 09.50നും എല്ലാ ദിവസങ്ങളിലും ഉണ്ടാകും. റിസർവേഷൻ മാത്രമുള്ള പ്രത്യേക തീവണ്ടികളായിരിക്കും ഇത്. മൂന്ന് മാസം മുൻപ് പുന:രാരംഭിച്ച രണ്ട് പ്രത്യേക തീവണ്ടികളായ മംഗളയ്ക്കും നേത്രാവതിക്കും പയ്യന്നൂരിൽ സ്റ്റോപ്പ് ഇതുവരെ പുന:സ്ഥാപിച്ചിട്ടില്ല. മാർച്ച് 22 മുതലാണ് പയ്യന്നൂരിന് ട്രെയിൻ ഓർമ്മയായത്.