kollan
കൊല്ല പണിയിലേർപ്പെട്ട തൊഴിലാളി

കുറ്റ്യാടി: കൊവിഡ് പ്രതിസന്ധിയിൽ നിന്ന് മറ്റു മേഖലകൾ കരകയറാൻ തുടങ്ങിയെങ്കിലും കൊല്ലപ്പണിക്കാരുടെ ദുരിതത്തിന് അറുതിയായില്ല. യന്ത്ര നിർമ്മിത ആയുധങ്ങൾ കൊണ്ട് നിർമ്മിച്ച ഉത്പ്പന്നങ്ങൾ വിപണി കീഴടക്കിയെങ്കിലും നാട്ടിലെ കൃഷിക്കാർക്ക് വേണ്ട കാർഷിക ഉപകരണങ്ങളും കൈകോട്ടും, അരിവാളും, വെട്ടുകത്തിയ്ക്കുമായി ഗ്രാമങ്ങളിലെ കൊല്ലന്റെ ആലകളെയാണ് ആശ്രയിക്കാറുള്ളത്.

കൊവിഡ് പ്രതിസന്ധി തൊഴിൽ മേഖലയെ ഇല്ലാതാക്കിയപ്പോൾ കൊല്ലപ്പണിക്കാരിലും വറുതി പടി ചവിട്ടി എത്തി. തൊഴിലില്ലായ്മ നിത്യജീവിതം പ്രതിസന്ധിയിലായിരിക്കുകയാണ്. ചിരട്ടയുടെ വില കൂടിയതും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ പിടിപെടുന്നതും ആവശ്യക്കാർ കുറഞ്ഞതും ഈ രംഗത്തെ പ്രധാന ഭീഷണിയാണ്. പരമ്പരാഗതമായി ഈ മേഖലയിൽ ജോലി ചെയ്യുന്നവരിൽ പുതിയ തലമുറ മറ്റു മേഖലകളിലേക്ക് ചേക്കേറിയെങ്കിലും വിരളിലെണ്ണാവുന്നവർ മാത്രമാണ് ഇപ്പോഴും കൊല്ലപ്പണിയിൽ തുടരുന്നത്.

കാർഷികോപകരണ നിർമ്മാണ രംഗത്തെ പ്രധാനമായും ആശ്രയിച്ചു പോന്ന ഈ വിഭാഗം, കാർഷിക മേഖലയിൽ വന്ന മാറ്റവും ആധുനികവത്ക്കരണവും കാരണം തൊഴിൽ നഷ്ടപ്പെടൽ ഭീഷണിയിലാണ്. പെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകി സംരക്ഷിക്കണമെന്നാണ് ആവശ്യം. വിശ്വകർമ്മ വിഭാഗത്തിൽപ്പെട്ട ആശാരി, മൂശാരി, തട്ടാൻ, കൊല്ലൻ എന്നിവരുടെ തൊഴിൽ മേഖലയിൽ സംരക്ഷണമാവശ്യപ്പെടുവാൻ പ്രത്യേക യൂണിയനുകളില്ലന്നും ഇവർ പറയുന്നു.