വെഞ്ഞാറമൂട്: വിദ്യാർത്ഥികൾക്ക് പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ഹെെടെക് സൗകര്യങ്ങളൊരുക്കുകയാണ് വെഞ്ഞാറമൂട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ. ഹെെടെക് ക്ലാസ് മുറികൾക്ക് പുറമെ സെമിനാർ ഹാൾ, മൾട്ടിമീഡിയ റൂം, ഓപ്പൺ എയർ ഓഡിറ്റോറിയം, ബാഡ്മിന്റൺ കോർട്ട്, ശൗചാലയങ്ങൾ എന്നിവയാണ് ഒരുക്കിയിട്ടുള്ളത്. കിഫ്ബി വഴി അഞ്ച് കോടി രൂപ ഉപയോഗിച്ചാണ് സ്കൂളിനെ ഹെെടെക് നിലവാരത്തിലേക്ക് ഉയർത്തിയത്.
എട്ട് മുതൽ പ്ലസ് ടു വരെയുള്ള 2500ലധികം കുട്ടികളാണ് ഇവിടെയുള്ളത്. സ്‌കൂളിലെ 45 ക്ലാസ് മുറിയും ഹെെടെക്കാക്കിയിട്ടുണ്ട്. സ്കൂളിലും ഹയർസെക്കൻഡറി വിഭാഗത്തിനും പ്രത്യേകം കമ്പ്യൂട്ടർ ലാബ് സൗകര്യം ഒരുക്കിയിട്ടുണ്ട്. നവീകരിച്ച വിദ്യാലയത്തിന്റെ ഉദ്ഘാടനം ഒക്ടോബർ 3ന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
ദൃശ്യചാരുത നൽകി പൂർവ വിദ്യാർത്ഥികൾ
വെഞ്ഞാറമൂട് ഗവ. ഹയർസെക്കൻഡറിക്ക് ദൃശ്യ ഭംഗി നൽകാൻ സ്‌കൂൾ ഓഡിറ്റോറിയത്തിനോട് ചേർന്ന് പൂർവ വിദ്യാർത്ഥികൾ കൂറ്റൻ പെയിന്റിംഗ് തയ്യാറാകുന്നു. 1988 ബാച്ചിലെ പൂർവ വിദ്യാർത്ഥി സംഘടന സംഘടനയായ വി.ആർ.88 എന്ന വാട്സ് ആപ് ഗ്രൂപ്പാണ് പെയിൻിംഗ് തയ്യാറാക്കുന്നത്. കേരളത്തിന്റെ തനത് കലാരൂപങ്ങളും ഗജവീരന്മാരും വള്ളംകളിയുമെല്ലാം ഉൾപ്പെടുത്തിയുള്ള ചിത്രത്തിന് 25 അടി ഉയരവും 18 അടി വീതിയുമുണ്ട്. 88 ബാച്ചിലെ പൂർവ വിദ്യാർത്ഥിയും ആർട്ടിസ്റ്റുമായ വെഞ്ഞാറമൂട് സ്വദേശി സുരേഷ്ബാബുവിന്റെ നേതൃത്വത്തിൽ അഞ്ച് കലാകാരന്മാരാണ് ചിത്രരചനയിൽ ഏർപ്പെട്ടിരിക്കുന്നത്.