തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായി നഗരത്തിൽ സ്ഥിതി കൂടുതൽ സങ്കീർണമായാൽ ലോക്ക് ഡൗൺ വേണ്ടിവരുമെന്ന് മേയർ കെ. ശ്രീകുമാർ പറഞ്ഞു. കൂടുതൽ പോസിറ്റീവ് കേസുകളുള്ള പ്രദേശമായി നഗരപരിധി മാറിക്കഴിഞ്ഞു. ഇതു സംബന്ധിച്ച് സർക്കാരിന് നഗരസഭ റിപ്പോർട്ട് നൽകി. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ ഇന്ന് സർവകക്ഷിയോഗവും വിളിച്ചിട്ടുണ്ട്. നഗരത്തിലെ ലോക്ക് ഡൗൺ സംബന്ധിച്ച കാര്യങ്ങളും യോഗത്തിൽ ചർച്ചയാകും. ജില്ലയിൽ സ്ഥിരീകരിക്കുന്ന രോഗികളിൽ 60 ശതമാനവും നഗരസഭപരിധിക്കുള്ളിലാണ്. നഗരപരിധിയിൽ മാത്രം 5400 രോഗികളാണ് ചികിത്സയിലുള്ളത്. രോഗികളിൽ 80 ശതമാനവും സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവരാണ്. 20 ശതമാനം രോഗികളുടെ ഉറവിടം വ്യക്തമല്ല.
നഗരസഭ നൽകിയ പ്രധാന ശുപാർശ
തലസ്ഥാന നഗരത്തിൽ വീണ്ടും ലോക്ക് ഡൗൺ ഏർപ്പെടുത്തേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്ന കാര്യത്തിൽ ജനങ്ങൾ കർശനമായ ശ്രദ്ധയും ജാഗ്രതയും പാലിക്കണം. കൊവിഡ് പ്രോട്ടോക്കോൾ ലംഘനം നടക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ നഗരസഭയുടെ പ്രത്യേക ഹെൽത്ത് സ്‌ക്വാഡുകൾ പരിശോധന നടത്തും.
മേയർ .കെ ശ്രീകുമാർ