mithun

ഓം ശാന്തി ഓശാന സിനിമയുടെ തിരക്കഥ ഒരുക്കിയാണ് സംവിധായകൻ മിഥുൻ മാനുവൽ തോമസ് സിനിമാ രംഗത്തേക്ക് എത്തിയത്. എന്നാൽ താൻ എഴുതിയ ആദ്യ തിരക്കഥ ഇതുവരെ വെള്ളിത്തിര കണ്ടിട്ടില്ല എന്നാണ് മിഥുൻ പറയുന്നത്. ആദ്യ തിരക്കഥയുടെ ഫോട്ടോ പങ്കുവച്ചാണ് മിഥുൻ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

'നോസ്റ്റാൾജിയ പോസ്റ്റ്… തുടക്കം… എട്ടു വർഷങ്ങൾക്കു മുമ്പ് ജീവിതത്തിൽ ആദ്യമായി എഴുതിയ തിരക്കഥയുടെ ഫോട്ടം… ഒഫ് കോഴ്സ് കഥ വെള്ളിത്തിര കണ്ടിട്ടില്ല… എഴുത്ത് പ്രതി സൂക്ഷിച്ചു വെച്ച് ഫോട്ടോ അയച്ചു തന്നത് നൻപൻ' എന്നാണ് സംവിധായകൻ ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ഒരു ദേശം കഥ പറയുന്നു എന്ന് പേരിട്ട തിരക്കഥയുടെ ആദ്യ പേജാണ് ഫോട്ടോയിൽ. ഇത് സിനിമയാക്കണം എന്നുള്ള കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്. സൂപ്പർ ഹിറ്റ് ചിത്രം അഞ്ചാം പാതിരയുടെ ഹിന്ദി റീമേക്ക് ഒരുക്കി ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് മിഥുൻ ഇപ്പോൾ. തിരുവോണദിനത്തിലാണ് അഞ്ചാം പാതിരയുടെ ഹിന്ദി റീമേക്ക് ഒരുക്കുന്ന സന്തോഷം മിഥുൻ പങ്കുവച്ചത്.

റിലയൻസ് എന്റെർടെയിൻമെന്റും ആഷിഖ് ഉസ്മാനും നിർമ്മിക്കുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നാണ് സംവിധായകൻ വ്യക്തമാക്കിയത്. ഡോ. അൻവർ ഹുസൈൻ എന്ന ക്രിമിനൽ സൈക്കോളജിസ്റ്റായി കുഞ്ചാക്കോ ബോബൻ എത്തിയ സിനിമ അടുത്തിടെ ഇറങ്ങിയതിൽ വച്ച് മികച്ച ക്രൈം ത്രില്ലർ ആയിരുന്നു.