dulkar

മലയാള സിനിമയിലെ വിജയ കൂട്ടുകെട്ടാണ് തിരക്കഥാകൃത്തുകളായ ബോബി - സഞ്ജയ്. എന്റെ വീട് അപ്പൂന്റെയും സിനിമ മുതൽ ഉയരെ വരെയുള്ള സൂപ്പർ ഹിറ്റുകളാണ് ഇവർ സമ്മാനിച്ചത്. മമ്മൂട്ടി, ദുൽഖർ സൽമാൻ, ടൊവിനോ തോമസ് എന്നിവർ നായകൻമാരാകുന്ന മൂന്ന് വമ്പൻ ചിത്രങ്ങളാണ് ബോബി സഞ്ജയ് കൂട്ടുകെട്ടിൽ നിലവിൽ ഒരുങ്ങി കൊണ്ടിരിക്കുന്നത്. മമ്മൂട്ടിയുടെ 'വൺ' ചിത്രത്തിനായാണ് ആരാധകർ കാത്തിരിക്കുന്നത്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് പൊളിറ്റിക്കൽ ജോണറിലാണ് ബോബി, സഞ്ജയ് തിരക്കഥ ഒരുക്കുന്നത്. കേരള മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രൻ എന്ന റോളിലാണ് മമ്മൂട്ടി വേഷമിടുന്നത്. ചിത്രത്തിന്റെ ടീസറും ലുക്ക് പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആദ്യമായി ദുൽഖർ സൽമാൻ ചിത്രത്തിനും തിരക്കഥ ഒരുക്കുകയാണ് ബോബി സഞ്ജയ് ടീം. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് ദുൽഖർ പ്രത്യക്ഷപ്പെടുക. മുംബൈ പൊലീസ് ചിത്രത്തിന് ശേഷം ബോബി സഞ്ജയ് ഒരുക്കുന്ന പൊലീസ് സ്റ്റോറി കൂടിയാണിത്. സിനിമയുടെ ഷൂട്ടിംഗ് അടുത്ത് തന്നെ ആരംഭിക്കും. ടൊവിനോ തോമസ് നായകനാകുന്ന 'കാണെക്കാണെ' ആണ് ബോബിസഞ്ജയ് കൂട്ടുകെട്ടിലൊരുങ്ങുന്ന മറ്റൊരു ചിത്രം. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഉയരെയ്ക്ക് ശേഷം മനു അശോകൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സുരാജ് വെഞ്ഞാറമൂട്, ഐശ്വര്യ ലക്ഷ്മി, ശ്രുതി രാമചന്ദ്രൻ എന്നീ താരങ്ങളും ചിത്രത്തിൽ വേഷമിടുന്നു.