ss

തിരുവനന്തപുരം: വികസനത്തിന്റെ കാര്യത്തിൽ തലസ്ഥാനം അവഗണിക്കപ്പെടുകയാണെന്ന പരാതിക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. നിരവധി വികസന പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെങ്കിലും ഇവയിൽ വളരെക്കുറച്ചു മാത്രമാണ് പൂർത്തിയായത്. വേണ്ടത്ര മേൽനോട്ടമില്ലാത്തതും വിവിധ വകുപ്പുകളുടെ കീഴിലായതിനാൽ ഏകോപനമില്ലാത്തതും നഗരവികസനത്തെ പിന്നോട്ടാക്കി. തലസ്ഥാനത്തിന്റെ വികസനത്തിന് മതിയായ പരിഗണന കിട്ടുന്നതിനായി ഒരു പ്രത്യേക വകുപ്പ് വേണമെന്നും അതിനായി ഒരു മന്ത്രിയുണ്ടാകണമെന്നും നേരത്തെ ആവശ്യമുയർന്നിട്ടുണ്ട്. സെക്രട്ടേറിയറ്റിൽ തന്നെ തലസ്ഥാന വികസനത്തിനായി ഒരു വകുപ്പുണ്ടെങ്കിൽ ഫയലുകളുടെ നീക്കത്തിനും പ്രവർത്തന ഏകോപനത്തിനും അത് സഹായകരമാവും.

ഏകോപനം പോരാ....

-------------------------------------

സെക്രട്ടേറിയറ്റിലെ ഏതാണ്ടെല്ലാ വകുപ്പുകളും തലസ്ഥാന വികസനവുമായി ബന്ധപ്പെട്ട പ്രവൃത്തികൾക്ക് നേതൃത്വം നൽകുന്നുണ്ട്. കേന്ദ്രാവിഷ്‌കൃത പദ്ധതികൾ, കേന്ദ്രസഹായത്തോടെയുള്ള പദ്ധതികൾ, സംസ്ഥാന സർക്കാരിന്റെ പദ്ധതികൾ, കിഫ്ബി വഴി ധനസഹായമുള്ള പദ്ധതികൾ, പൊതു സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികൾ എന്നിങ്ങനെ വിവിധ തരത്തിലുള്ള പദ്ധതികളാണ് തലസ്ഥാന നഗരിയുടെ വികസനവുമായി ബന്ധപ്പെട്ടുള്ളത്. ചിലതിൽ ഭൂമിയേറ്റെടുക്കൽ ഉൾപ്പെടെ പ്രാദേശിക ജനപ്രതിനിധികളുടെ സഹായത്തോടെ മാത്രം ചെയ്യാൻ കഴിയുന്നവയുമുണ്ട്. ഇതെല്ലാം ദ്രുതഗതിയിൽ നടക്കണമെങ്കിൽ പ്രത്യേക മന്ത്രാലയം വേണം.

വകുപ്പ് ഇല്ലാതെ വഴിയില്ല

----------------------------------------------------

കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ഫയൽനീക്കം പതുക്കെയാകുമ്പോൾ അതിന് പ്രത്യേകം ശ്രമം നടത്താൻ സംവിധാനമില്ല. കേരളവും കേന്ദ്രത്തിലെ വിവിധ വകുപ്പുകളുമായുള്ള ഏകോപനത്തിന് ഡൽഹിയിൽ കേരളഹൗസ് കേന്ദ്രീകരിച്ച് പ്രവർത്തനം ഏകോപിപ്പിക്കാൻ ശ്രമം നടക്കുന്നതുപോലെ ഇവിടെയും നടപ്പാക്കണം. കേരളത്തിലെ വിവിധ പ്രദേശങ്ങളുടെ വികസനത്തിനായി ശ്രമം നടക്കുമ്പോൾ തലസ്ഥാന വികസനത്തിനായി പ്രത്യേകം ശ്രമം നടക്കുന്നില്ല. സെക്രട്ടേറിയറ്റ് സ്ഥിതി ചെയ്യുന്ന തലസ്ഥാനത്തിന് ബഡ്‌ജറ്റിൽ പോലും പലപ്പോഴും വേണ്ടത്ര വകയിരുത്തലുകളുണ്ടാവുന്നില്ലെന്നാണ് പരാതി. ഇത് പരിഹരിക്കാൻ തലസ്ഥാന വികസന വകുപ്പ് അനിവാര്യമാണെന്നാണ് യുവാക്കൾ ആവശ്യപ്പെടുന്നത്.

ആന്ധ്ര മോഡൽ
---------------------------------------------

ആന്ധ്ര സംസ്ഥാനം വിഭജിച്ച് ആന്ധ്രയും തെലങ്കാനയും വന്നപ്പോൾ ആന്ധ്രയ്‌ക്ക് പുതിയ തലസ്ഥാനം കണ്ടെത്തേണ്ടിവന്നു. കോടിക്കണക്കിന് രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് നടത്തുന്നത്.

എന്നാൽ ഇവിടെ തലസ്ഥാനമാണെങ്കിലും വേണ്ടത്ര ആസൂത്രണത്തോടെയുള്ള പ്രവർത്തനം നടക്കുന്നില്ല. ദീർഘകാല വികസനത്തിനുള്ള കാഴ്ചപ്പാടോടെ തിരുവനന്തപുരത്തിനായി ഒരു മാസ്റ്റർ പ്ലാൻ പോലും തയ്യാറാക്കാൻ കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാർത്ഥ്യം.

പദ്ധതികൾ പെരുവഴിയിൽ

------------------------------------
വകുപ്പുകളുടെ ഏകോപനം വേണ്ടവയാണ് പല പദ്ധതികളും. കേന്ദ്രാവിഷ്‌കൃത പദ്ധതികളായ സ്വദേശ് ദർശൻ, സ്‌മാർട്ട് സിറ്റി, അമൃത് തുടങ്ങിയ പദ്ധതികൾ കേന്ദ്ര സർക്കാരിനോടൊപ്പം നഗരസഭ, നഗരവികസന വകുപ്പ്, റവന്യൂ, ജലവിഭവവകുപ്പ്, ഗതാഗതം, വൈദ്യുതി, ടൂറിസം, ധനകാര്യം, പൊതുമരാമത്ത് വകുപ്പ് എന്നിവയുടെ പങ്കാളിത്തത്തോടെ മാത്രമേ നടപ്പാക്കാൻ കഴിയൂ. തിരുവനന്തപുരത്തിന്റെ അഭിമാന പദ്ധതികളായ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം, റെയിൽവേ വികസനം, ദേശീയപാത വികസനം, ഐ.ടി വികസനം തുടങ്ങിയവയൊക്കെ വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്‌മ കാരണം വൈകുകയാണ്.