കാട്ടാക്കട: സർവീസുകൾ അയയ്ക്കാതെ അഗസ്ത്യ വനമേഖയ്ക്ക് താഴെയുള്ള കോട്ടൂരിനെ കെ.എസ്.ആർ.ടി.സി അവഗണിക്കുന്നു. കൊവിഡ് വരുന്നതിന് മുൻപ് ദിനംപ്രതി നിരവധി സർവീസുകളാണ് കോട്ടൂരിലേക്കുണ്ടായിരുന്നത്.

വ്ളാവെട്ടി, കാപ്പുകാട്, കിക്മ കോളേജ്, കള്ളിയൽ പ്രദേശങ്ങളിലേക്കാണ് കോട്ടൂർ വഴി ദിവസവും സർവീസുകൾ നടത്തിയിരുന്നത്. സർവീസുകൾ നിറുത്തലാക്കിയതിന്റെ ഭാഗമായി വ്ളാവെട്ടിയിലേക്കുണ്ടായിരുന്ന ഏക സ്റ്റേ സർവീസും നിറുത്തലാക്കി. രാത്രി 10.20ന് നെയ്യാറ്റിൻകരയിൽ നിന്നായിരുന്നു കാട്ടാക്കട വഴി വ്ളാവെട്ടിയിലേക്ക് സ്റ്റേ സർവീസ് ഉണ്ടായിരുന്നത്. രാവിലെ 4.40 നായിരുന്നു വ്ളാവെട്ടിയിൽ നിന്നുള്ള ആദ്യ സർവീസ്. ട്രെയിനിൽ പോകുന്ന നിരവധി യാത്രക്കാരായിരുന്നു ഈ ബസിനെ ആശ്രയിച്ചിരുന്നത്.
കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. മണികണ്ഠനും വിവിധ രാഷ്ട്രീയ നേതാക്കളും ആവശ്യപ്പെട്ടിട്ടും കോട്ടൂരേക്ക് ബസ് വിടാത്തതിൽ ശക്തമായ പ്രതിഷേധമാണ് ജനങ്ങൾക്കിടയിലുള്ളത്.
ബസ് ഇല്ലാത്തത് കാരണം കാൽനടയായും ഓട്ടോ പിടിച്ചുമാണ് കൂലിവേലക്കാർ ഇപ്പോൾ നഗരത്തിലേക്ക് പോകുന്നത്.
കോട്ടൂർ ആയുർവേദാശുപത്രി, ഫോറസ്റ്റ് റെയിഞ്ച് ഓഫീസ്, വനം വന്യജീവി ഓഫീസ്, ആന പാർക്ക് തുടങ്ങിയ സ്ഥാപനങ്ങൾ കോട്ടൂരാണുള്ളത്. കൂടാതെ മാൻപാർക്ക്, തുറന്ന ജയിൽ, നെയ്യാർ ഡാം റിസർവോയർ എന്നിവ വ്ളാവെട്ടി സെറ്റിൽമെന്റിനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. ബസ് ഇല്ലാത്തത് കാരണം കൃത്യമായി ഓഫീസിലെത്താൻ കഴിയാതെ പോകുന്നതായി ജീവനക്കാർ പറയുന്നു.

*ഒറ്റപ്പെട്ട് ആദവാസി മേഖല

അഗസ്ത്യ വനമേഖലയിലെ 27 ഓളം ആദിവാസി സെറ്റിൽമെന്റുകൾ ബസ് സർവീസ് ഇല്ലാത്തതിനാൽ ഒറ്റപ്പെട്ട നിലയിലാണ്. ആദിവാസ മേഖലകളായ വാലിപ്പാറ, ചോനമ്പാറ എന്നീ പ്രദേശങ്ങളിലേയ്ക്കുണ്ടായിരുന്ന സർവീസുകളും ആരംഭിച്ചിട്ടില്ല. ആദിവാസി ഊരുകളിൽ കൃഷി ചെയ്യുന്ന കാർഷിക വിഭവങ്ങൾ ബസിൽ കോട്ടൂരെത്തിച്ചായിരുന്നു കച്ചവടം നടത്തിയിരുന്നത്. എന്നാൽ ഇപ്പോൾ ഇത് തലച്ചുമടായാണ് കോട്ടൂരെത്തിക്കുന്നത്. ഇതും ആദിവാസികളുടെ ദുരിതം ഇരട്ടിപ്പിക്കുന്നു.