നീലേശ്വരം: പരമ്പരാഗത കോൺഗ്രസ് കോട്ടയായിരുന്ന കിനാനൂർ-കരിന്തളം പഞ്ചായത്തിനെ സി.പി.എമ്മിൽ നിന്നും തിരിച്ചു പിടിക്കാൻ ഒരുങ്ങി കോൺഗ്രസ്. ഗ്രൂപ്പുകളിലും തമ്മിലടിയും മാറ്റി പതിവിലും നേരത്തെ സ്ഥാനാർത്ഥികളെ നിശ്ചയിച്ചാണ് ഇടപെടൽ. മുപ്പത് വർഷം മുൻപെ കൈവിട്ട ഭരണം ഒന്ന് ആഞ്ഞു പിടിച്ചാൽ കിട്ടുമെന്നും സി.പി.എമ്മിനകത്തെ അസംതൃപ്തി മുതലെടുക്കാമെന്നുമാണ് പ്രതീക്ഷ.
മടിക്കൈ, കയ്യൂർ-ചീമേനി തുടങ്ങിയ ഗ്രാമങ്ങളെ അപേക്ഷിച്ച് തീപാറും പോരാട്ടം നടക്കുന്ന പഞ്ചായത്താണിത്. 2015ലെ തിരഞ്ഞെടുപ്പിൽ ശരാശരി നൂറു വോട്ടുകൾക്കാണ് പല സീറ്റുകളും കോൺഗ്രസിന് കൈമോശം വന്നത്. 17 അംഗങ്ങളിൽ നാല് സീറ്റിലേക്ക് ചുരുങ്ങി. 2010 ൽ ഏഴ് സീറ്റായിരുന്നു. ലീഗിന്റെ കുത്തകയായിരുന്ന പരപ്പയടക്കം വഴുതി പോയി. ഇവിടെ നിന്നും സി.പി.എം നേതാവ് വി. ബാലകൃഷ്ണൻ വിജയിച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്റായി. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരുമുന്നണികളും തമ്മിൽ മൂവായിരം വോട്ടുകളുടെ അന്തരം ഉണ്ടായിരുന്നെങ്കിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇത് ആയിരമായി. ഒന്ന് ഉത്സാഹിച്ചാൽ 2010 ലേക്കാൾ രണ്ട് സീറ്റ് കൂട്ടി ഭരണം പിടിക്കാമെന്നാണ് ഇവരുടെ ആഗ്രഹം.
ചില വാർഡുകളിലൊക്കെ മത്സരിക്കാതെ ബി.ജെ.പിയും യു.ഡി.എഫും വോട്ട് കച്ചവടം നടത്താറുണ്ടെന്നും ഇതൊന്നും തുടർ ഭരണത്തെ ബാധിക്കില്ലെന്നും സി.പി.എം ഏരിയാ സെക്രട്ടറി ടി.കെ രവി പറഞ്ഞു. കോൺഗ്രസിന്റെ കൈയ്യിലായിരുന്നു മുൻപ് പഞ്ചായത്തും സഹകരണ സ്ഥാപനങ്ങളും. സി.പി.എം സംഘടനാ ശേഷി വളർത്തിയതോടെയാണ് ഭരണം ലഭിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ട് ചോർച്ച എല്ലായിടത്തും ഉണ്ടായതാണ്. അതുകണ്ട് പഞ്ചായത്ത് ഭരണം പിടിക്കാമെന്നൊന്നും ചിന്തിക്കേണ്ട, ആഗ്രഹിക്കുന്നതിനെ ആർക്കും കുറ്റം പറയാനാകില്ലല്ലോയെന്നും അദ്ദേഹം പരിഹസിച്ചു. സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ നാട്ടിൽ നിൽക്കാൻ പറ്റാത്ത യുവജന നേതാക്കളെയും കൊണ്ടാണോ ഇക്കൂട്ടർ ഇടതിനെ തോൽപ്പിക്കുകയെന്നും സി.പി.എം നേതാക്കൾ ചോദിക്കുന്നു. അറുന്നൂറ് കോടി രൂപയുടെ വികസനം മുൻനിർത്തി തന്നെ തിരഞ്ഞെടുപ്പിനെ നേരിടാൻ ആത്മവിശ്വാസമുണ്ടെന്നും ടി.കെ രവി പറഞ്ഞു. പുതിയ ഗവ. കോളേജും, കിഫ്ബിയിലെ റോഡുകളും, ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളും അദ്ദേഹം ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടുന്നു.
കോൺഗ്രസിന്റെ നേതൃത്വത്തിൽ 17 വാർഡുകളിലും വാർഡ്, ബൂത്ത് കമ്മിറ്റികൾ രൂപീകരിച്ച് വോട്ടർ പട്ടികയിലെ മൊത്തം കണക്കും പരിശോധിച്ചു. ഇതിനായി നിശാ ക്യാമ്പും നടത്തി. വോട്ടർമാരെ ചേർക്കാനും അനർഹരായവരെ ഒഴിവാക്കാനുള്ള പട്ടിക തയ്യാറാക്കി നൽകി. ഇതിനകം തന്നെ 4 തവണ വാർഡ് കമ്മിറ്റി നടത്തി.
രണ്ട് വർഷമായി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പഞ്ചായത്തിൽ കുടിവെള്ളം എത്തിക്കാറുണ്ട്. നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി 39 ടി.വി സെറ്റും വിതരണം ചെയ്തു. കൊവിഡ് കാലത്ത് കിറ്റ്, മാസ്ക്, മരുന്ന് വാങ്ങാൻ പറ്റാത്തവർക്കായി മരുന്നുകളും എത്തിച്ചു. ഇതൊക്കെ വോട്ടാക്കാമെന്നാണ് പ്രതീക്ഷ.
അസംതൃപ്തരായ അണികൾ
സി.പി.എമ്മിൽ പല ഘടകങ്ങളിലും നിർജീവതയാണ്. പ്രാദേശിക നേതാക്കളോടുള്ള അസംതൃപ്തി മുതലെടുക്കാനാണ് കോൺഗ്രസ് ശ്രമം. സഹകരണ ബാങ്ക് ഉദ്യോഗത്തോടൊപ്പം വഴിപാടു പോലെയാണ് സംഘടനാ പ്രവർത്തനമെന്നാണ് അണികളിലെ ആക്ഷേപം. സി.പി.എം കുടുംബ സംഗമങ്ങളിൽ പങ്കാളിത്തവും കുറവായിരുന്നു. ചിലയിടത്ത് ആളില്ലാത്തതോടെ മാറ്റി വെക്കേണ്ടിയും വന്നു. മലയോരത്തെ കുടിയേറ്റ ഗ്രാമങ്ങളെ അപേക്ഷിച്ച് വികസനവും പരിമിതമാണ്. മുൻ എം.പി പി. കരുണാകരൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.കെ രാജൻ, ടി.കെ രവി തുടങ്ങിയ മുതിർന്ന നേതാക്കളുടെ നാടാണിത്. മുൻ ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന എം.വി രാധയടക്കം പലരും സജീവ പ്രവർത്തനത്തിൽ നിന്നും ഒഴിഞ്ഞു മാറിയതും സംഘടനയ്ക്ക് അകത്തെ അസംതൃപ്തിയ്ക്ക് തെളിവായി ഉന്നയിക്കുന്നു. എടുത്തു പറയത്തക്ക രണ്ടാം നിര നേതൃത്വവും പഞ്ചായത്തിൽ സി.പി.എമ്മിനില്ല. പാർട്ടി സ്വാധീന മേഖലയായ ബിരിക്കുളവും നെല്ലിയടുക്കവും ദുർബലമായി. ചോയ്യംകോട്-കൂവാറ്റി മേഖലയിലും വെള്ളരിക്കുണ്ടിനോട് ചേർന്ന പ്രദേശങ്ങളിലും പരപ്പ കമ്മാടം മേഖലയിലും പ്രാദേശിക അസംതൃപ്തികളുണ്ട്. സി.പി.എം ശക്തിദുർഗമായ തേജസ്വിനി പുഴയോരത്തെ പ്രദേശങ്ങൾക്ക് പകരം ഇഞ്ചോടിഞ്ച് നിൽക്കുന്ന വാർഡുകളെയാണ് കോൺഗ്രസ് കാര്യമായി ശ്രദ്ധിക്കുന്നത്.