tt

വർക്കല: ജനകീയാസൂത്രണത്തിൽ അധികാര വികേന്ദ്രീകരണം നടപ്പാക്കുന്നതിൽ പുതിയ സമീപനം സ്വീകരിക്കണമെന്ന് നിർദേശിച്ചത് ഇ.എം.എസ് ആയിരുന്നെന്നും, ഇടതുപക്ഷ സർക്കാരുകളാണ് അത്തരം പരിഷ്കാരങ്ങൾക്ക് മുൻകൈയെടുത്തിട്ടുളളതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 150 ഗ്രാമ പഞ്ചായത്തുകളിൽ ഇന്റലിജന്റ് ഇ - ഗവേണൻസ് സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ചെമ്മരുതി പഞ്ചായത്തിന്റെ ഉദ്ഘാടനം വീഡിയോകോൺഫറൻസിംഗ് വഴി നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികേന്ദ്രീകൃത - ആസൂത്രണ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ പുതിയ സോഫ്റ്റ്‌വെയറിലൂടെ സാധിക്കുമെന്നും ഓപ്പൺ സോഴ്സ് ടെക്നോളജിയിൽ വികസിപ്പിച്ച സോഫ്റ്റ്‌വെയറായതിനാൽ പഞ്ചായത്തുകൾക്ക് സോഫ്റ്റ്‌വെയർ ലൈസൻസ് ഫീ ഇനത്തിലുളള ഭീമമായ ചെലവ് ഒഴിവാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ഐ.ടി വകുപ്പ് ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത്‌ അധികൃതരുടെയും നിരന്തരമായ പരിശ്രമഫലമായിട്ടാണ് സോഫ്റ്റ്‌വെയർ യാഥാർത്ഥ്യമായതെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ ചെമ്മരുതി ഗ്രാമ പഞ്ചായത്തിനെയാണ് പദ്ധതി ആദ്യമായി നടപ്പിലാക്കുന്നതിന് തിരഞ്ഞെടുത്തത്. ഇവിടെ ട്രയൽ വിജയകരമായി പൂർത്തിയാക്കിയതിനെത്തുടർന്നാണ് മറ്റു 150 പഞ്ചായത്തുകളിൽ കൂടി പദ്ധതി വ്യാപിപ്പിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ചെമ്മരുതി പഞ്ചായത്ത്‌ ഹാളിൽ നടന്ന യോഗം വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഡയറക്ടർ പി.കെ. ജയശ്രീ അദ്ധ്യക്ഷത വഹിച്ചു. ഐ.കെ.എം ഡയറക്ടർ ചിത്ര, ചെമ്മരുതി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.എച്ച്. സലിം, ആരോഗ്യ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രഞ്ജിത്, മറ്റു പഞ്ചായത്ത്‌ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.