ആഗോളതലത്തിൽ ആറുമാസത്തിനിടെ 9.9 ലക്ഷത്തിലേറെ പേർക്ക് മരണം വിതച്ച കൊവിഡ് മഹാമാരിക്കു നടുവിലാണ് നമ്മൾ. അതുകൊണ്ടുതന്നെ ഹൃദയ പരിചരണത്തിന് ഇപ്പോൾ മറ്റെന്തിനേക്കാൾ പ്രാധാന്യമുണ്ട്. ഹൃദയരോഗങ്ങളോ പ്രമേഹമോ രക്തസമ്മർദ്ദമോ അമിത വണ്ണമോ ഉള്ളവർ, അവയുടെ സ്ഥിരമായ പരിശോധന കൊവിഡ് മൂലം തടസപ്പെടുത്തരുത്. എപ്പോൾ നെഞ്ചുവേദന അനുഭവപ്പെട്ടാലും ഉടൻ വൈദ്യസഹായം തേടണം.
അണുബാധയ്ക്കുള്ള സാദ്ധ്യത എല്ലാവർക്കും ഒരുപോലെയാണ്. കൊവിഡ് ബാധിതരിൽ നിന്ന് സ്രവങ്ങളിലൂടെയാണ് രോഗം പകരുന്നത്. ഈ അവസരത്തിൽ മുൻകരുതലുകൾ സ്വീകരിക്കുകയും രോഗബാധയ്‌ക്കുള്ള സാദ്ധ്യത പരിമിതപ്പെടുത്തുകയുമാണ് പ്രധാനം. ഹൃദ്‌രോഗികൾ കൂടുതൽ ജാഗ്രതയോടെ മുൻകരുതലുകൾ സ്വീകരിക്കണം. ഹൃദ്‌രോഗികളെ കൊവിഡ് രോഗം സാരമായി ബാധിക്കുമെന്ന് മനസ്സിലാക്കുക. ഹൃദ്‌രോഗത്തിനൊപ്പം ഹൈപ്പർടെൻഷൻ കൂടിയുള്ളവരിൽ രോഗം ഗുരുതരമാകുകയും ചെയ്യും.
കൊവിഡ് പ്രതിരോധത്തിന് വിറ്റാമിനുകളോ ഫുഡ് സപ്ളിമെന്റുകളോ പ്രയോജനകരമാണോ എന്ന് പലരും ചോദിക്കാറുണ്ട്. അല്ല എന്നാണ് ഉത്തരം. ധാരാളം പച്ചക്കറികളും പഴങ്ങളും അടങ്ങിയ സമീകൃതാഹാരം കഴിക്കുക. ഇവയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ വിറ്റാമിൻ ഗുളികകളുടെ ആവശ്യമില്ല. ഹൃദ്‌രോഗികൾ സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ മുടക്കരുത് എന്നത് പ്രധാനമാണ്. ശരിയായ വൈദ്യപരിശോധന നടത്താതെ മരുന്നുകൾ നിറുത്തുന്നത് അപകടം ക്ഷണിച്ചുവരുത്തും.
ഡോക്ടർമാർ നിർദ്ദേശിക്കുന്ന സമയങ്ങളിൽ കൃത്യമായി ചെക്കപ്പുകൾ നടത്തണം. നേരിട്ടു പോകുന്നതിന് തടസ്സങ്ങളുണ്ടെങ്കിൽ ടെലിഫോണിൽ ഡോക്ടറെ ബന്ധപ്പെട്ട് നിർദ്ദേശങ്ങൾ സ്വീകരിക്കുക. അതേസമയം നെഞ്ചുവേദനയോ ശ്വാസതടസമോ ഉണ്ടാകുന്നെങ്കിൽ ഡോക്ടറെ നേരിട്ടുതന്നെ കാണണം. അതിനായി ആശുപത്രിയിൽ പോകാൻ മടിക്കരുത്.
കൊവിഡ് കാലത്ത് ലോകമെമ്പാടും ഹൃദ്‌രോഗബാധ കുറയുന്നതായി കേൾക്കുന്നതിൽ അല്പം യാഥാർത്ഥ്യമുണ്ട്. കൂടിയ ഹൃദ്‌രോഗം (എസ്.ടി എലിവേഷൻ മയോകാർഡിയൽ ഇൻഫ്രാക്ഷൻ- സ്റ്റെം) 40- 50 ശതമാനം കുറയുന്നതായാണ് കണക്ക്. കൊവിഡ് ഭീതിമൂലം ആളുകൾ പരിശോധനയ്ക്ക് എത്താത്തതാണോ കണക്കിൽ കുറവുണ്ടാക്കുന്നതെന്നും സംശയമുണ്ട്. യഥാസമയം ചികിത്സ തേടാതെ, രോഗം സങ്കീർണമായ അവസ്ഥയിൽ ഡോക്ടർമാരെ സമീപിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്.
കൊറോണ വൈറസ് ദീർഘകാലത്തേക്ക് നമ്മോടൊപ്പമുണ്ടാകാനാണ് സാദ്ധ്യത. കാര്യങ്ങൾ സാധാരണനിലയിലാകാൻ ചിലപ്പോൾ വർഷങ്ങൾ വേണ്ടിവന്നേക്കാം. സാമൂഹിക അകലം പാലിക്കൽ, സാനിറ്റൈസേഷൻ, മാസ്‌ക് ധരിക്കൽ എന്നിവയിലൂടെ നമുക്ക് കൊവിഡിനെ ഫലപ്രദമായി ചെറുക്കാം.