തിരുവനന്തപുരം: മനഃശാസ്ത്രത്തെയും മനഃശാസ്ത്ര ചികിത്സയെയും ജനകീയമാക്കിയതിൽ ഡോ.പി.എം. മാത്യു വെല്ലൂർ വഹിച്ച പങ്ക് ചെറുതല്ല. 'മനഃശാസ്ത്രം' എന്ന മാസികയിൽ അദ്ദേഹം കൈകാര്യം ചെയ്തിരുന്ന ചോദ്യോത്തര പംക്തി അക്കാലത്ത് വലിയ ഹരമായിരുന്നു. മനഃശാസ്ത്ര ചികിത്സയ്ക്കുതന്നെ പുതിയൊരു പന്ഥാവ് വെട്ടിത്തെളിച്ചതിന്റെ ക്രെഡിറ്റും മാത്യു വെല്ലൂരിന് അവകാശപ്പെട്ടതാണ്. മനഃശാസ്ത്രം ഒരു ബാലികേറാമലയല്ലെന്ന് സാധാരണക്കാരന് മനസിലാക്കിക്കൊടുത്തതും അദ്ദേഹമാണ്.
മനോരോഗം മാറ്റിയെടുക്കാനാവാത്ത എന്തോ വലിയ മാരക രോഗമാണെന്ന ചിന്താഗതിയെ മാറ്റിമറിക്കാൻ മാത്യൂ വെല്ലൂരിന് കഴിഞ്ഞു. 'കുടുംബജീവിതം' എന്ന മറ്റൊരു മാസികയിലൂടെ കുടുംബത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരനിർദ്ദേശങ്ങൾ നൽകി കുടുംബബന്ധങ്ങളുടെ കണ്ണികളെ ഉൗട്ടിയുറപ്പിക്കാനും അദ്ദേഹം ശ്രമിച്ചു.
ചികിത്സയ്ക്കൊപ്പം എഴുത്തും അഭിനയവും മാത്യുവെല്ലൂരിന് ഹരമായിരുന്നു. അടൂർ ഗോപാലകൃഷ്ണന്റെ 'നിഴൽക്കുത്ത്,' കെ.ജി.ജോർജിന്റെ 'ഈ കണ്ണികൂടി', ലെനിൻ രാജേന്ദ്രന്റെ 'രാത്രി മഴ' എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നാടകാഭിനയം, ശില്പകല, കാർട്ടൂൺ എന്നിവയിലും തത്പരനായിരുന്നു.
കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എയും 'ലൈംഗിക ബലഹീനതയുളളവരുടെ വ്യക്തിത്വം' എന്ന വിഷയത്തിൽ ഡോക്ടറേറ്റും ചികിത്സാ മനഃശാസ്ത്രത്തിൽ ഡിപ്ലോമയും നേടിയ പി.എം. മാത്യു 1970 വരെ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലെ മനോരോഗവിഭാഗത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റും മെഡിക്കൽ കോളേജിൽ അദ്ധ്യാപകനുമായിരുന്നു. സർവവിജ്ഞാനകോശത്തിൽ മനഃശാസ്ത്ര വിഭാഗത്തിന്റെ എഡിറ്ററായി അഞ്ചുവർഷം സേവനമനുഷ്ഠിച്ചു. 1975 മുതൽ തിരുവനന്തപുരം മനഃശാസ്ത്ര ചികിത്സാകേന്ദ്രത്തിന്റെയും ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പേഴ്സണാലിറ്റി ഡെവലപ്‌മെന്റിന്റെയും ഡയറക്ടറായിരുന്നു.
നല്ലൊരു പ്രഭാഷകനുമായിരുന്നു. അച്ഛാ ഞാൻ എവിടെ നിന്നുവന്നു, കുമാരീകുമാരന്മാരുടെ പ്രശ്നങ്ങൾ, ബാല്യം കൗമാരം യൗവനം വാർദ്ധക്യം, അച്ഛൻ കുട്ടിയായിരുന്നപ്പോൾ, നിങ്ങളുടെ ജീവിതപ്രശ്നങ്ങൾ, അഴിയുന്ന കുരുക്കുകൾ, മാനസിക പ്രശ്നങ്ങൾ, എങ്ങനെ പഠിക്കണം പരീക്ഷ എഴുതണം, ദാമ്പത്യം ബന്ധം ബന്ധനം, വിവാഹപൂർവ ബന്ധങ്ങൾ, മനസ് ഒരു കടങ്കഥ, ബാല്യം കൗമാരം യൗവനം വാർദ്ധക്യം, അച്ഛൻ കുട്ടിയായിരുന്നപ്പോൾ,എന്നിവയാണ് മുഖ്യകൃതികൾ.