തിരുവനന്തപുരം: കാലം കുറിച്ചുവച്ചിരുന്നോ ഈ തീയതി? പാലം നിർമ്മാണത്തിൽ ഭരണവർഗം എത്രത്തോളം അഴിമതി കാണിക്കുമെന്ന് മലയാളികൾക്ക് കാണിച്ചുതന്ന 'പഞ്ചവടിപ്പാലം' റിലീസ് ചെയ്ത അതേ ദിനം തന്നെയാണ് കേരളത്തിന്റെ 'പഞ്ചവടിപ്പാലം' എന്ന് ഹൈക്കോടതിയും പരാമർശിച്ച പാലാരിവട്ടം മേല്പാലം പൊളിച്ചുതുടങ്ങിയത്.
1984 സെപ്തംബർ ഇരുപത്തിയെട്ടിനാണ് 'പഞ്ചവടിപ്പാലം' സിനിമ റിലീസാകുന്നത്. അഴിമതിയിൽ മുങ്ങിക്കുളിച്ച പഞ്ചായത്ത് പ്രസിഡന്റ് ദുശാസ്സനക്കുറുപ്പിന്റെ നേതൃത്വത്തിൽ കെട്ടിപ്പൊക്കിയ പാലം ഉദ്ഘാടനച്ചടങ്ങിനിടെ തകർന്ന കഥയാണ് കെ.ജി.ജോർജ് സംവിധാനം ചെയ്ത സിനിമ പറയുന്നത്.
ഇതിഹാസ, പുരാണ, ചരിത്ര കഥാപാത്രങ്ങളുടെ പേരുകളായിരുന്നു കഥാപാത്രങ്ങൾക്ക്. ദുശ്ശാസനക്കുറുപ്പ്, ശിഖണ്ഡിപ്പിള്ള, മണ്ഡോദരി അമ്മ, ജീമൂതവാഹനൻ, യൂദാസ് കുഞ്ഞ്, ബറാബാസ്, അനാർക്കലി, ജഹാംഗീർ... എന്നിങ്ങനെ പോകുന്നു പേരുകൾ.
ഷൂട്ടിംഗിനൊടുവിൽ പൊളിക്കാൻ വേണ്ടിയായിരുന്നു ലൊക്കേഷനായ കോട്ടയം കവണാറ്റുകരയിൽ സിനിമാസംഘം പാലം നിർമ്മിച്ചത്. കലാസംവിധായകനായിരുന്ന സുന്ദരൻ ഭൂരിഭാഗവും തടികൊണ്ടാണ് താത്കാലികപാലം നിർമ്മിച്ചത്. ഇല്ലിക്കര പഴയപാലം മോടിപിടിപ്പിച്ചെടുത്താണ് മറ്റ് ഭാഗങ്ങൾ ചിത്രീകരിച്ചത്.
കവണാറ്റുകരയിലെ പാലത്തിന്റെ ഉറപ്പ് ഉറപ്പിക്കുന്നതിനായി നിർമ്മാതാവ് ഗാന്ധിമതി ബാലൻ '1210'ബെൻസ് ലോറി ആ പാലത്തിലൂടെ ഓടിച്ചു. പിന്നാലെ എൻ.എൽ.ബാലകൃഷ്ണൻ പാലത്തിലൂടെ നടന്ന് അപ്പുറത്തെത്തി.
80 തെങ്ങിൻ തടികൾ, പലകകൾ, ഹാർഡ് ബോർഡുകൾ ഒക്കെ ചേർത്ത് ചേറ്റിൽ ഉറപ്പിച്ചു പണിത പാലം ബോംബ് വച്ച് പൊളിക്കണം. ജനം സമ്മതിച്ചില്ല. എസ്.എഫ്.ഐ നേതാവായിരുന്ന സുരേഷ് കുറുപ്പ് ഇടപെട്ട് സമ്മതം വാങ്ങി നൽകി. നാല് കാമറ യൂണിറ്റാണ് പൊളിക്കുന്ന രംഗം ഒപ്പിയെടുക്കുന്നത്. ഷാജി എൻ. കരുണായിരുന്നു പ്രധാന കാമറാമാൻ. വേണു, സണ്ണി ജോസഫ്, കെ.ജി.ജയൻ എന്നിവരായിരുന്നു ക്ളൈമാക്സ് ചിത്രീകരിച്ച മറ്റുള്ളവർ.
''ആ സിനിമയിൽ പ്രവർത്തിക്കുമ്പോഴേ അറിയാമായിരുന്നു അത് മലയാളത്തിലെ ഏറ്റവും നല്ല ആക്ഷേപഹാസ്യ ചിത്രമാകുമെന്ന്. വർത്തമാനകാല ഭരണ സംവിധാനത്തിന്റെ മിനിയേച്ചർ ഫോമാണ് ഈചിത്രം. ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ പുറമേകാണിക്കുന്ന വഴക്കും രഹസ്യസൗഹൃദവും പണത്തോടുള്ള ആർത്തിയും കപടസന്യാസവും വരെ പരാമർശിക്കുന്നുണ്ട്. പാലാരിവട്ടം പൊളിച്ചുപണിതില്ലെങ്കിൽ പഞ്ചവടിപ്പാലം പൊളിഞ്ഞുവീണതുപോലെ വീഴും''
- പഞ്ചവടിപ്പാലത്തിൽ അഭിനയിച്ച നെടുമുടി വേണു
''ജനാധിപത്യത്തിന്റെ അടിത്തറയാണ് സത്യസന്ധത. ആ അടിത്തറ തെറ്റുമ്പോഴാണ് ഇത്തരം സംഭവങ്ങളുണ്ടാകുന്നത്. സത്യസന്ധനായ ഒരു പഞ്ചായത്ത് പ്രസിഡന്റിനെ പറഞ്ഞുപറ്റിച്ച് അഴിമതിക്കാരനാക്കുന്ന കഥയാണ് സിനിമയായത്. ജനാധിപത്യം ശക്തമാകാൻ സത്യസന്ധത ജയിക്കണം''
- ഷാജി എൻ.കരുൺ, ചിത്രത്തിന്റെ ഛായാഗ്രാഹകൻ
ആകെ ചെലവ് 20 ലക്ഷം
അന്ന് താത്കാലിക പാലം നിർമ്മിക്കുന്നതിനും ഇല്ലക്കരപാലം പുതുക്കുന്നതിനുമായി 5 ലക്ഷം രൂപ ചെലവായി എന്ന് നിർമ്മാതാവ് ഗാന്ധിമതി ബാലൻ പറഞ്ഞു. ചിത്രത്തിന്റെ ആകെ ചെലവ് 21 ലക്ഷം രൂപ. പക്ഷേ, റിലീസായപ്പോൾ വൻ ഹിറ്റായില്ല. കഷ്ടിച്ച് മുടക്കുമുതൽ തിരിച്ചുപിടിച്ചു. പിന്നീടാണ് ചിത്രം ചർച്ചാവിഷയമായതും കൂടുതൽ പേർ കണ്ടതും.