കിളിമാനൂർ:കിളിമാനൂരിന് സമീപം കാരേറ്റ് ജംഗ്ഷനിൽ നിയന്ത്രണം വിട്ട കാർ കലിങ്കിൽ ഇടിച്ച് നാലു യുവാക്കൾ മരിച്ചു. വെഞ്ഞാറമൂട് നാഗരുകുഴി മുല്ലമംഗലത്ത് വീട്ടിൽ ഷെമീർ (31), കടയ്ക്കൽ മതിര എൻ.ബി .എച്ച്.എസ് മൻസിലിൽ നവാസ് പീരു മുഹമ്മദ് (സുൽഫി,39), കഴക്കൂട്ടം ചിതമ്പര വിളാകത്ത് ലാൽ (45), തിരുവനന്തപുരം കവടിയാർ സ്വദേശി നജീബുദ്ദീൻ (35) എന്നിവരാണ് മരിച്ചത്. വെഞ്ഞാറമൂട് പാലാംകോണം സ്വദേശി നിവാസ് (31) ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം പുലർച്ചെ 1.30ന് കാരേറ്റ് ജംഗ്ഷന് സമീപമായിരുന്നു അപകടം. മരിച്ച സുൽഫിയുടെ കടയ്ക്കലുള്ള വീട്ടിൽ നിന്ന് സുഹൃത്തുക്കളായ ഇവർ തിരുവനന്തപുരത്തേക്ക് വരുമ്പോൾ കാരേറ്റ് ജംഗ്ഷന് സമീപം വച്ച് കാർ നിയന്ത്രണം വിട്ട് റോഡിന്റെ മറുവശത്തുള്ള കലിങ്കിൽ ഇടിക്കുകയായിരുന്നു. നജിബുദ്ദീനാണ് കാർ ഓടിച്ചിരുന്നത്. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. ശബ്ദംകേട്ട് ഓടിയെത്തിയ പരിസരവാസികളാണ് പൊലീസിനെയും ഫയർഫോഴ്സിനെയും വിവരം അറിയിച്ചത്. വെഞ്ഞാറമൂട്ടിൽ നിന്നു ഫയർഫോഴ്സ് എത്തിയാണ് ഇവരെ പുറത്തെടുത്തത്.വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചങ്കിലും ഒരാളുടെ ജീവനെ രക്ഷിക്കാനായുള്ളൂ. സുഹൃത്തുക്കളായ ഇവർ റിയൽ എസ്റ്റേറ്റ് ബിസിനസും വാഹന കച്ചവടവുമൊക്കെ നടത്തി വരികയായിരുന്നു.പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും.തസ്നിയാണ് മരിച്ച ഷമീറിന്റെ ഭാര്യ. സനഫാത്തിമ സഫ്റാൻ എന്നിവരാണ് ഷമീറിന്റെ മക്കൾ. തിരുവനന്തപുരം റെയിൽവേ സീനിയർ ഡിവിഷണൽ എൻജിനീയർ ഓഫീസിലെ സ്റ്റെനോഗ്രാഫർ ദീപയാണ് ലാലിന്റെ ഭാര്യ.സുമയ്യയാണ് നജീബുദ്ദീന്റെ ഭാര്യ മക്കൾ അലീസ്യ, ആലിയ